ബെൽഫാസ്റ്റിൽ വംശീയാക്രമണം: ടാക്സി ഡ്രൈവറെ ഇടിച്ചു, ദേഹത്ത് തുപ്പി

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നടന്ന വംശീയാക്രമണത്തില്‍ ടാക്‌സി ഡ്രൈവറെ ഇടിച്ച് ബോധം കെടുത്തി. ശനിയാഴ്ച രാത്രി 11:10-ഓടെ Talbot Street പ്രദേശത്തുവച്ച് നടന്ന ആക്രമണത്തില്‍ പ്രതികളിലൊരാള്‍ ഡ്രൈവര്‍ക്ക് മേല്‍ തുപ്പുകയും ചെയ്തു.

Talbot Street-ല്‍ വച്ച് രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയും 30-ലേറെ പ്രായമുള്ള ഡ്രൈവറെ സമീപിച്ചതിന് പിന്നാലെയാണ് പ്രശ്‌നമുണ്ടായതെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് പറയുന്നു. ഇവര്‍ ടാക്‌സി വിളിക്കാന്‍ നോക്കിയെങ്കിലും നേരത്തെ ബുക്കിങ് ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ ആവശ്യം നിരസിച്ചു. ഇതോടെ യാത്രക്കാരില്‍ ഒരാളായ പുരുഷന്‍ ദേഷ്യപ്പെടുകയും, വംശീയവിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ദേഹത്ത് തുപ്പുകയും, കാറിന്റെ ജനലിന് ഇടിക്കുകയും ചെയ്തു. ഇതുകണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തെ മുഖത്ത് ഇടിക്കുകയും, നിലത്തുവീണ അദ്ദേഹം ബോധരഹിതനാകുകയും ചെയ്തു. പിന്നീട് ഡ്രൈവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാരില്‍ രണ്ടാമത്തെ പുരുഷന്‍ അദ്ദേഹത്തെ വീണ്ടും മുഖത്ത് ഇടിച്ചു. ഈ ഇടിയില്‍ ഡ്രൈവറുടെ വായ് മുറിഞ്ഞു. ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ തങ്ങള്‍ അന്വേഷണമാരംഭിച്ചതായും, അക്രമികളെ പറ്റി വിവരം ലഭിക്കുന്നവര്‍ അന്വേഷണസംഘത്തെ ബന്ധപ്പെടണമെന്നും നോര്‍ത്ത് പൊലീസ് പറഞ്ഞു. പ്രകോപനമേതുമില്ലാത്തതും, വംശീയവുമായിരുന്നു ഈ ആക്രമണമെന്നും പൊലീസ് വ്യക്തമാക്കി.

അക്രമിസംഘത്തിലെ പുരുഷന്മാരില്‍ ഒരാള്‍ വെള്ള ടീഷര്‍ട്ടും, മറ്റെയാള്‍ ചുവന്ന ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇരുവരും നല്ല കായികബലമുള്ളവരുമായിരുന്നു. കറുത്ത വസ്ത്രമാണ് ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീ ധരിച്ചിരുന്നത്. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 101 എന്ന നമ്പറില്‍ പൊലീസിനെ ബന്ധപ്പെടണം. കേസ് റഫറന്‍സ് നമ്പര്‍ 1810 16/05/26.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments