പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു, മാണിക്കു മാതൃകയാണ് രാജിയെന്നും ജോര്‍ജ്

കോട്ടയം : പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോര്‍ജ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്. പൂഞ്ഞാര്‍ എംഎല്‍എയാണ് ജോര്‍ജ്.

ഉമ്മന്‍ ചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധര്‍മം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കര്‍മം. കോണ്‍ഗ്രസിനു നല്ല നേതൃത്വത്തെ ലഭിച്ചാലേ കോണ്‍ഗ്രസ് രക്ഷപെടൂ. മൃദുഹിന്ദു പ്രീണന നയം സ്വീകരിച്ചുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഈ സര്‍ക്കാരിന് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല.

യുഡിഎഫ് ഉറച്ച നിലപാടു സ്വീകരിച്ചേ മതിയാകൂ. ഇനിയൊരു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച് മറ്റൊരാളെ മന്ത്രിയാക്കിയാല്‍ മാണി സഖ്യത്തിലും വിള്ളലുണ്ടാകും. മാണിയുടെ രാജിവച്ചാല്‍ കേരള കോണ്‍ഗ്രസ്, ജോസഫിന്റെ നേതൃത്വത്തില്‍ ശക്തമായി വരും. ജോസഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇടതുമുന്നണിയില്‍ ചേരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.

ബാര്‍ കോഴവിവാദത്തിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണ്. ഈ വിഷയം അന്വേഷിച്ച കേരള കോണ്‍ഗ്രസ് സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മാണി മടിക്കുന്നതെന്തിനെന്നും ജോര്‍ജ് ചോദിച്ചു. ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യവും മാണിക്ക് അറിയാം. ഇതു വാര്‍ത്താസമ്മേളനത്തില്‍ പറയാനൊരുങ്ങിയ പി.ജെ.ജോസഫിനെയും മാണി തടഞ്ഞുവെന്നും ജോര്‍ജ് ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: