പ്രവാസി മലയാളികള്‍ക്കായി എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിനായി എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രവാസികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, വ്യാജ റിക്രൂട്ട്മന്റ് തടയുക തുടങ്ങിയവയായിരിക്കും ഐന്‍ ആര്‍ ഐ കമ്മീഷന്റെ ചുമതല. നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായുള്ള ബില്ല് അവതരിപ്പിക്കും.

തിരുവനന്തപുരമായിരിക്കും കമ്മീഷന്റെ ആസ്ഥാനം. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും അധ്യക്ഷന്‍. ഒരു റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസര്‍, പ്രവാസി സമൂഹത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, കേരള സര്‍ക്കാരില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു പ്രതിനിധി എന്നിവരായിരിക്കും കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

ഓരോ മൂന്നു മാസവും കമ്മീഷന്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മീഷന് വ്യാജ റിക്രൂട്ട്‌മെന്റ്, സ്വത്ത്, നിക്ഷേപ തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടാന്‍ അവകാശമുണ്ടായിരിക്കും.
പ്രവാസി സമൂഹത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യത്തെത്തുടര്‍ന്നാണ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക പ്രവാസി പോലീസ് സെല്‍ സംസ്ഥാനത്തുണ്ടെങ്കിലും പുതിയ കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളതിനാല്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: