പുതിയ തൊഴിലവസരങ്ങളുമായി ഏറോജെന്‍

ഗാല്‍വേ: ഗാല്‍വേ ആസ്ഥാനമായുള്ള ഏറോജെന്‍ കമ്പനി അടുത്തവര്‍ഷം മുതല്‍ അയര്‍ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്റെ സെനിത്ത് അവാര്‍ഡ് കമ്പനി സ്വന്തമാക്കി. ഫ്‌ളോറിഡയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് കമ്പനി അവാര്‍ഡ് ഏറ്റുവാങ്ങിയത്. 52000 ത്തിലധികം ശ്വാസകോശ രോഗ വിദഗ്ധരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും വോട്ടുകള്‍ നേടിയാണ് സെനിത്ത് അവാര്‍ഡ് കമ്പനി സ്വന്തമാക്കിയത്. 400 ഓളം അംഗീകൃത കമ്പനികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറു കമ്പനികളിലൊന്നാണ് ഏറോജെന്‍.

ശ്വാസകോശ രോഗ ചികിത്സയിലെ വൈബ്രേറ്റിംഗ് മെഷ് സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് അംഗീകാരം. മികച്ച സേവനവും പരസ്യത്തിലെ സത്യസന്ധതയും പരിഗണിക്കപ്പെട്ടിരുന്നു. അയര്‍ലന്‍ഡില്‍ നൂറോളം ജീവനക്കാരുള്ള കമ്പനി 2015 ല്‍ 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 17 പുതിയ ജീവനക്കാരെയും നിയമിച്ചു. ഈ വര്‍ഷം പുതിയ രണ്ട് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് കമ്പനി അയര്‍ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. അക്യൂട്ട് കെയര്‍ ഏറോസോള്‍ മരുന്ന് വിതരണത്തില്‍ വിപണി ആധിപത്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കമ്പനി അടുത്തവര്‍ഷത്തോടെ കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കും. ഡിസൈന്‍, മാര്‍ക്കറ്റിംഗ്, ക്വാളിറ്റി ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

ഏറോജന്‍ കമ്പനി പുറത്തിറക്കുന്ന പലേഡിയം വൈബ്രേറ്റിംഗ് മെഷ് സാങ്കേതിക വിദ്യ അയര്‍ലന്‍ഡിലെ 80 ശതമാനത്തിലധികം ആശുപത്രികളിലും അമേരിക്കയിലെ ആയിരത്തിലധികം ആശുപത്രികളും ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യ ഗുരുതരാവസ്ഥയിലുള്ള ശ്വാസകോശ രോഗികള്‍ക്ക് വളരെ പെട്ടെന്നും കാര്യക്ഷമമായും ചികിത്സ ലഭ്യമാക്കാന്‍ ഉപകരിക്കുന്നതാണ്. പുതിയ ഉത്പന്നങ്ങളായ ഏറോജെന്‍ സോളോ രോഗികള്‍ക്ക് കൂടുതല്‍ പരിചരണവും ഡ്രഗ് വേസ്റ്റ് കുറയ്്ക്കുകയും ചെയ്യുന്നതോടൊപ്പം ചികിത്സാ കാലയളവും ആശുപത്രി ചെലവും കുറയ്ക്കുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: