ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണം സത്യമെന്ന് ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ സ്ഥാനത്തു തുടരാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : തന്നെയും സരിത.എസ്.നായരേയും കൂട്ടിച്ചേര്‍ത്ത് സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണം സത്യമെന്ന് ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ സ്ഥാനത്തു തുടരാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജു രാധാകൃഷ്ണന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും എന്നാല്‍, തന്നെഅപമാനിച്ച് പുറത്താക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും സി.ഡി പിടിച്ചെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ കണ്ടുവെന്ന് പറയുന്ന ദിവസങ്ങളില്‍ ബിജു കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആരോപണം ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ബിജുവുമായി നടത്തിയ കൂടിക്കാഴ്ച രഹസ്യ സ്വഭാവമുള്ളതാണെന്നും മാന്യതയുടെ പേരില്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത് നിയമം മൂലം നിയന്ത്രിക്കാന്‍ കഴിയുമോ എന്നും സ്പീക്കര്‍ എന്‍.ശക്തന്‍ സഭയില്‍ കുറ്റപ്പെടുത്തി. അതേസമയം, സര്‍ക്കാരിന് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രിയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തെളിവുകള്‍ പുറത്തു വിടുന്നതിനെ കുറിച്ച് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: