ഡോറ; ഉറക്കത്തിലും ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന അത്ഭുത ഉറക്ക ഗുളികകള്‍

ഉറക്കമരുന്ന് കഴിച്ച് മതി മറന്ന് ഉറങ്ങണം. പക്ഷെ അങ്ങനെ ഉറങ്ങുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും അപകടം ഉണ്ടായാലോ? ബോധമില്ലാതെ, ഉണരാനോ നിലവിളിക്കാനോ കഴിയാതെ അപകടത്തില്‍ പെട്ട് പോയാലോ? ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് പലര്‍ക്കും ഉള്ള ആശങ്കയാണിത്. അപകടം വരുമ്പോള്‍ വിളിച്ചുണര്‍ത്തുന്ന ഒരു അത്ഭുത ഉറക്ക ഗുളികയെ കുറിച്ച് കൂടുതല്‍ അറിയാം.

ഡ്യുവല്‍ ഒറോക്സിന്‍ റിസെപ്റ്റര്‍ ആന്റഗോണിസ്റ്റ്(ഡോറ) എന്നറിയപ്പെടുന്ന ചില പ്രത്യേകരതരം ഗുളികകള്‍ക്ക് നിദ്രയും ബോധവുമായി ബന്ധപ്പെട്ട ചിന്തയുടെ തലങ്ങളെയെല്ലാം നിയന്ത്രിക്കാനും അതില്‍ ഇടപെടാനും കഴിയുന്നു. ഉണരാനോ ബോധപൂര്‍വം ഉണര്‍ന്നു പ്രവര്‍ത്തിക്കാനോ നിര്‍ദ്ദേശിക്കുന്ന പുറത്തുനിന്നുള്ള ആവേഗങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ബെന്‍സോഡിയസ്പനൈസ് ഗണത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് പകരമായാണ് അപകടം വരുമ്പോള്‍ എണീക്കാനാകുന്ന തരത്തില്‍ ചിന്തകളെ ക്രമീകരിക്കുന്ന ഈ പുതിയ ഉറക്ക ഗുളികകള്‍ ജാപ്പനീസ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദര്‍ കണ്ടെത്തിയത്.

സാമ്പ്രദായികമായി ഉപയോഗിച്ച് വരുന്ന ഉറക്കഗുളികകള്‍ക്കൊക്കെ നമ്മളെ എത്ര അപായമണി മുഴുങ്ങുന്നിടത്തും, എത്ര നിലവിളി ഉള്ളിടത്തും ചിലപ്പോള്‍ മയക്കി കിടത്താനാകും. എന്നാല്‍ ഈ പുതിയതരം ഉറക്ക ഗുളികകള്‍ കുറച്ചു കൂടി സ്മാര്‍ട്ടാണ്. സാധാരണ ഉറക്കഗുളികകളെ അപേക്ഷിച്ച് ഡോറയ്ക്ക് ഹാംഗ് ഓവര്‍ വളരെ കുറവാണ്. ഈ ഗുളിക കഴിച്ച് മയങ്ങി ഉണര്‍ന്നു പിറ്റേന്ന് ഹാംഗ് ഓവര്‍ ഉണ്ടാകുമോ എന്ന് പേടിക്കാതെ സുരക്ഷിതമായി ധൈര്യത്തോടെ വാഹനമോടിക്കാം. സാമ്പ്രദായിക ഉറക്ക ഗുളികകള്‍ മയക്കം വരുത്തുന്നതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ താത്കാലികമായി മന്ദീഭവിപ്പിക്കുന്നു. ഏതു സമയത് എങ്ങനെ എപ്പോള്‍ ഉണരണം എന്ന ആലോചന പോലും നഷ്ടമാകുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഡോറ 22 എന്ന പുതിയയിനം ഉറക്കുമരുന്നിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഫ്രോണ്ടിയേഴ്സ് ഇന്‍ ബിഹേവിയറല്‍ ന്യൂറോ സയന്‍സ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ഈ മരുന്ന് കഴിക്കുന്നവര്‍ സാധാരണ ഉറക്ക ഗുളികകള്‍ കഴിക്കുന്നവരെപ്പോലെയല്ലെന്നും, ആപത്സൂചന കിട്ടിക്കഴിഞ്ഞാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുമുള്ള ആവേഗങ്ങള്‍ തലച്ചോറില്‍ എത്തുന്നുണ്ടെന്നും തെളിയിക്കാന്‍ നിരവധി പഠനങ്ങള്‍ നടന്നു. ചുണ്ടെലികളില്‍ നടത്തിയ പഠനത്തില്‍ നിന്ന് ഇത് സ്ഥിരീകരിച്ചു.

അപായ സൂചന ഉണ്ടായാലുടന്‍ ഉണരാനുള്ള ആവേഗങ്ങള്‍ തലച്ചോറിലെത്തുന്നു. അപകടഘട്ടം കഴിഞ്ഞുവെന്ന് ഉറപ്പായാല്‍ പിന്നെയും സാധാരണ നിദ്രയിലേക്ക് മടങ്ങിപോകുന്നതായും പരീക്ഷണത്തില്‍ നിന്ന് തെളിഞ്ഞു. എന്നിരിക്കിലും ഡോറയുടെ സുരക്ഷിതത്വവും പാര്‍ശ്വഫലങ്ങളെയും കുറിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ഇത് മനുഷ്യരിലും സമാന ഫലങ്ങള്‍ തന്നെയാണോ ഉണ്ടാക്കുന്നതെന്നതിനെ സംബന്ധിച്ച തുടര്‍ പഠനങ്ങളും ഇത് വിപണിയില്‍ ഇറങ്ങുന്നതിനു മുന്‍പ് നടത്തേണ്ടതായുണ്ട്.

Share this news

Leave a Reply

%d bloggers like this: