ചാന്ദ്രയാന്‍-2 ഏപ്രിലില്‍; 800 കോടി ചെലവുവരുന്ന പദ്ധതി

ന്യൂഡല്‍ഹി: ചില സാേങ്കതിക തടസ്സങ്ങള്‍ മൂലം വൈകിയെങ്കിലും വരുന്ന ഏപ്രിലില്‍ ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ യാത്രാദൗത്യം ‘ചാന്ദ്രയാന്‍-2’ കുതിക്കുമെന്ന്‌ െഎ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍. ഇന്ത്യക്കാരനെ സ്വന്തംനിലക്ക് ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിയും സമയബന്ധിതമായി മുന്നോട്ടു നീക്കും.

800 കോടി ചെലവുവരുന്ന പദ്ധതിയാണ് ചാന്ദ്രയാന്‍-രണ്ട്. 3890 കിലോഗ്രാം വരുന്ന ഉപഗ്രഹം മറ്റേതെങ്കിലും രാജ്യത്തിന്റെ ഉപഗ്രഹം ഇറങ്ങാത്ത ചന്ദ്രെന്റ ഭാഗത്ത് ഇറക്കാനാണ് ലക്ഷ്യം. 2008ല്‍ വിക്ഷേപിച്ച ചാന്ദ്രയാന്‍-ഒന്ന് ഉപഗ്രഹത്തിന്റെ ഭാരം 675 കിലോഗ്രാമായിരുന്നു. ഹ്രസ്വകാലത്തിനു ശേഷം 2009 ആഗസ്റ്റില്‍ ചാന്ദ്രയാന്‍-ഒന്ന് പൊലിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി ഒരു കേന്ദ്രം െഎ.എസ്.ആര്‍.ഒയില്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതി അതിനു കീഴിലാക്കും.

2022ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ജി.എസ്.എല്‍.വി എം.കെ-3യില്‍ ഏഴു ടണ്‍ ഭാരമുള്ള ഉപഗ്രഹം ഇതിനായി അയക്കും. ഭ്രമണ രൂപരേഖക്ക് മൂന്നാഴ്ചക്കകം അന്തിമരൂപമാകും. തുടര്‍ന്ന് പരീക്ഷണങ്ങളിലേക്ക്. മൂന്നുപേരെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ബഹിരാകാശ സഞ്ചാരികളെ കണ്ടെത്തുകയും ദീര്‍ഘകാല പരിശീലനത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ഇക്കൊല്ലം നടക്കും. വ്യോമസേനയില്‍നിന്നുള്ളവരെയാകും കണ്ടെത്തുകയെന്ന് ഡോ. ശിവന്‍ സൂചിപ്പിച്ചു. പുനരുപയോഗം സാധ്യമാവുന്ന വിക്ഷേപണ വാഹനം (ആര്‍.എല്‍.വി) നിര്‍മിക്കാനുള്ള പദ്ധതി മുന്നോട്ടുനീങ്ങുകയാണ്. ചിറകുള്ള, റണ്‍വേയില്‍ വിമാനം പോലെ വന്നിറങ്ങാന്‍ പറ്റുന്ന ബഹിരാകാശ വാഹനമാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബഹിരാകാശ പദ്ധതിയുടെ ചെലവ് കുറക്കാന്‍ കഴിയുന്ന ഈ സുപ്രധാന പരീക്ഷണം ഇക്കൊല്ലം നടക്കും. 14 വിക്ഷേപണങ്ങള്‍ അടക്കം 34 ദൗത്യങ്ങളാണ് ഈ വര്‍ഷം െഎ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നതെന്നും ഡോ. കെ. ശിവന്‍ പറഞ്ഞു.

ഉപഗ്രഹ വിക്ഷേപണ യാനങ്ങള്‍ (പി.എസ്.എല്‍.വി) നിര്‍മിക്കുന്നതില്‍ വ്യവസായ സ്ഥാപനങ്ങളെ പങ്കാളികളാക്കുന്ന പദ്ധതി വിപുലപ്പെടുത്തും. െഎ.എസ്.ആര്‍.ഒ, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ട്യം പി.എസ്.എല്‍.വി നിര്‍മാണ ദൗത്യത്തിലാണ്. വിേക്ഷപണം െഎ.എസ്.ആര്‍.ഒ തന്നെ നടത്തും. പി.എസ്.എല്‍.വി ഭാഗങ്ങള്‍ നിര്‍മിക്കുന്ന ജോലിയാണ് പുറത്തേക്ക് നല്‍കുക.

Share this news

Leave a Reply

%d bloggers like this: