അഭിഷേക നിറവില്‍ കുടുംബനവീകരണ ധ്യാനം സമാപിച്ചു.

ഡബ്ലിന്‍ : നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്ന് ദിവസം നീണ്ട കുടുംബ നവീകരണ ധ്യാനം സമാപിച്ചു. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രിയാണു ഈ വര്‍ഷത്തെ ധ്യാനം നയിച്ചത്. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നത് ലഭിക്കുകതന്നെ ചെയ്യുമെന്ന് അച്ചന്‍ വിശ്വാസസമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും, പ്രാദേശിക സഭയോടൊപ്പം വളരുവാനും വിശ്വാസികളോട് അച്ചന്‍ ആഹ്വാനം ചെയ്തു. സെഹിയോന്‍ മിനിസ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആരാധനയും, പ്രാര്‍ത്ഥനാ ശുശ്രുഷകളും വിശ്വാസ സമൂഹത്തിന് ആത്മീയ ഉണര്‍വേകി. ദൈവീക അനുഭവങ്ങളുടേയും, അനുഗ്രഹങ്ങളുടേയും സാക്ഷ്യങ്ങള്‍ വിശ്വാസികള്‍ ധ്യാന മദ്ധ്യേ പങ്കുവച്ചു.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഫിബിള്‍സ് ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും, സഭാ നേതാക്കളും തിരി തെളിയിച്ച് ആരംഭിച്ച ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിവിധ ജനസമൂഹങ്ങളില്‍ പെട്ട ആയിരങ്ങള്‍ പങ്കെടുത്തു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ വരെയുള്ളവര്‍ക്ക് 3 വിഭാഗങ്ങളായി നടത്തപ്പെട്ട ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഏകദേശം അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. ജീസസ്സ് യൂത്ത് അയര്‍ലണ്ട് ആണ് ക്രിസ്റ്റീന്‍ ധ്യാനം നയിച്ചത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും മറ്റ് ആത്മീയ ശുശ്രൂഷകള്‍ക്കും പതിനഞ്ചോളം വൈദീകര്‍ നേതൃത്വം നല്‍കി. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങിനു വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്.

സമാപനദിവസം യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. കുടുംബജീവിതത്തിനു സമര്‍പ്പണം, വിട്ടുകൊടുക്കല്‍, ക്ഷമാപണം, സഹനം എന്നിവ അനിവാര്യമാണെന്നും, മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതുവഴി കുടുംബജീവിതം സന്തോഷകരമായി മാറ്റാന്‍ സാധിക്കുമെന്നും വചനസന്ദേശത്തില്‍ ബിഷപ്പ് ഉത്‌ബോദിപ്പിച്ചു. ദൈവം ഒന്നേയുള്ളൂവെങ്കില്‍ ധാര്‍മ്മികതയും ഒന്നേയുള്ളൂവെന്ന് യൂറോപ്പിലേയും കേരളത്തിലേയും സാമൂഹ്യപശ്ചാത്തലങ്ങളെ താരതമ്യം ചെയ്ത് ബിഷപ്പ് തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഒരു മാവ് കായ്ച്ചാല്‍ കല്ലേറ് കൊള്ളും, കല്ലേറ് ഭയന്ന് മാവ് പൂക്കാതിരിക്കുന്നില്ല. സഭ വളരുമ്പോള്‍ വിമര്‍ശനം ഉണ്ടാവും.. സമീപ കാലങ്ങളില്‍ സഭയ്ക്ക്‌നേരെയുള്ള രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ബിഷപ്പ് പറഞ്ഞു. സമാപനദിവസം വൈകിട്ട് 7 മണിക്ക് ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ ലിറ്റില്‍ പേയ്‌സ് ദേവാലയത്തില്‍വച്ച് സീറോ മലബാര്‍ സഭയുടെ സ്‌പെഷ്യലി ഗിഫ്റ്റഡ് ചില്‍ഡ്രന്‍സിന്റ കൂട്ടായ്മയായ ‘SMILE’ ന്റെ ആഭ്യമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രഷ നടന്നു.

ഫാ. ക്ലമന്റ് പാടത്തിപറമ്പില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സെഹിയോന്‍ ടീമും കുട്ടികള്‍ക്കായും കുടുംബങ്ങള്‍ക്കായും പ്രത്യേക പ്രാര്‍ത്ഥന നടത്തി. ബിഷപ്പ് മാര്‍.സ്റ്റീഫന്‍ ചിറപ്പണത്തും ചാപ്ലിന്മാരും ചടങ്ങില്‍ പങ്കെടുത്തു. ധ്യാനത്തില്‍ പങ്കെടുത്ത രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.

ധ്യാന വിജയത്തിനായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ.ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റേയും, ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ വികാരി റവ. ഫാ. റോയ് വട്ടക്കാട്ടിന്റേയും, യൂത്ത് ഡയറകടര്‍ റവ. ഫാ. രാജേഷ് മേച്ചിറാകത്തിന്റേയും, സോണല്‍ കമ്മറ്റിയുടേയും ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ കുര്‍ബാന സെന്ററിന്റേയും മറ്റ് കുര്‍ബാന സെന്ററുകളുടേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടത്തിയത്.

ധ്യാനം നയിച്ച സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സെഹിയോന്‍ മിനിസ്ട്രിക്കും, ജീസസ്സ് യൂത്ത് അയര്‍ലണ്ടിനും, മറ്റ് സഹായ സഹകരണങ്ങള്‍ നല്‍കിയ ബഹു. വൈദീകര്‍ക്കും, ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കും, പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭ നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: