പ്രവാസികള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കൊണ്ട് നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ മാസവരുമാനം ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് തുടക്കമിടുകയാണ് കേരളം. പ്രവാസി നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമാക്കുന്നതോടപ്പം പ്രവാസികള്‍ക്ക് ആജീവനാന്ത പെന്‍ഷനും ലഭ്യമാക്കും. 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഇപ്പോള്‍ ഇപ്രകാരം നിശ്ചയിക്കപ്പെട്ട ഏജന്‍സി കിഫ്ബിയാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% പ്രതിമാസ ഡിവിഡന്റ് നല്‍കുന്നത്. ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റാണ് 4-ാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും ലഭിക്കുന്നത്.

ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ ഡിവിഡന്റും അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നല്‍കുന്നത് അവസാനിക്കും. പ്രവാസി കേരളീയരുടെ ക്ഷേമ ബില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിലവിലെ നിയമത്തില്‍ ബേദഗതി വരുത്തിയാണ് ആജീവനാന്ത പെന്‍ഷന്‍ പദ്ധതിയിക്ക് തുടക്കമിടുന്നത്. പ്രവാസികളുടെ ക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതാണ് ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: