‘പൗരത്വ ഭേദഗതി ബിൽ’; കേരളത്തിന് മാറിനിൽക്കാനാവില്ലെന്ന് ഗവർണർ ആരിഫ് ഖാൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിൽ നിന്നും കേരളത്തിന് മാറി നിൽകാനാവില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപുറകിലാണ് ഗവർണർ ഈ വിഷയത്തിൽ ഭരണഘടനാപരമായ സാധ്യതകൾ വ്യക്തമാക്കിയത്.

കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണെന്നും ആരിഫ് ഖാൻ വ്യക്തമാക്കി. പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചല്ല എന്നും, രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കോടതികളാണെന്നും ഗവർണർ ചൂണ്ടി കാട്ടി.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു. ആലുവയില്‍ സര്‍വ്വമത സംഘമത്തില്‍ സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും, മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതിബിൽ എന്ന് നേരെത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: