എസ് പി ബിക്ക് നാട് വിടചൊല്ലി; ഇനി അനശ്വര ഗാനങ്ങളിൽ തുടിക്കും ആ ഹൃദയം

അന്തരിച്ച വിഖ്യാത ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‌ നാട്‌‌ വിടചൊല്ലി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ ഇനി 40,000ൽ അധികം ഗാനത്തിലൂടെ ആസ്വാദക മനസ്സിൽ പൂത്തുനിൽക്കും. ശനിയാഴ്‌ച പകൽ തമാരപ്പാക്കം റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ ആംഡ് റിസര്‍വ്‌ പൊലീസില്‍നിന്നുള്ള 26 പേർ ഗണ്‍ സല്യൂട്ട് നല്‍കി. മകൻ എസ്‌ പി ബി ചരൺ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ചു.

അവസാനമായി കാണാനെത്തിയവരുടെ തിരക്കുമൂലം പകൽ 11ന്‌ നിശ്ചയിച്ചിരുന്ന സംസ്‌കാരം‌ വൈകി‌. തിരക്ക്‌ നിയന്ത്രിക്കാൻ അഞ്ഞൂറോളം പൊലീസുകാരെ വിന്യസിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രിയഗായകനെ അവസാനമായി കാണാന്‍ സഹപ്രവർത്തകരും ആരാധകകരുമടക്കം ഒഴുകിയെത്തി. ഒരേസമയം 150 പേരെ വീതമാണ്  പ്രവേശിപ്പിച്ചത്‌.

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്‌, തമിഴ്‌നാട്‌ സാംസ്‌കാരികമന്ത്രി കെ പാണ്ടിരാജൻ, ആന്ധ്ര ജലവിഭവ‌ മന്ത്രി അനിൽ കുമാർ യാദവ്‌ തുടങ്ങിയവരും എത്തി. കേരള മുഖ്യമന്ത്രിക്കുവേണ്ടി കേരള എന്‍ആര്‍കെ ഡെവലപ്‍മെന്റെ്‌ ഓഫീസര്‍ അനു പി ചാക്കോ പങ്കെടുത്തു.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ചെന്നൈ നുങ്കമ്പാക്കത്തെ വീട്ടില്‍നിന്ന്‌ എസ്‌ പി ബിയുടെ മൃതദേഹം താമരപ്പാക്കത്തേക്ക്‌ എത്തിച്ചത്‌. പ്രിയ ഗായകന്റെ അന്ത്യയാത്രയ്‌ക്ക്‌ സാക്ഷിയായി വഴിയരികിലുടനീളം ആരാധകര്‍ കാത്തുനിന്നു. ഒന്നരമാസം പിന്നിട്ട ആശുപത്രിവാസത്തിൽനിന്ന്‌ പ്രിയ ഗായകന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരെ കണ്ണീരിലാഴ്‌ത്തി വെള്ളിയാഴ്‌ച പകൽ 1.04നാണ്‌ എസ്‌ പി ബി വിടവാങ്ങിയത്‌.

Share this news

Leave a Reply

%d bloggers like this: