പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും എത്തിയിരിക്കാം: വൈറോളജി വിദഗ്ദ്ധന്‍

യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലുമെത്തിയിരിക്കാമെന്ന് വൈറോളജി വിദഗദ്ധനായ പ്രൊഫസര്‍ Luke O’Neill. മുമ്പുള്ള വൈറസിനെക്കാള്‍ 70% രോഗവ്യാപനം അധികമാണ് ജനികമാറ്റം വന്ന പുതിയ സ്‌ട്രെയിനിന്.

ഇറ്റലി, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലെല്ലാം പുതിയ തരം വൈറസ് എത്തിയതിനാല്‍ അയര്‍ലണ്ടിലും വൈറസ് ബാധയുണ്ടെന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്ന് O’Neill വ്യക്തമാക്കുന്നു. വ്യാപനത്തോത് അധികമായതാണ് ഇതിന് കാരണമെന്നും Pat Kenny-യുമായുള്ള Newstalk പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

പുതിയ തരം വൈറസ് ഇവിടെ പടര്‍ന്നോ എന്ന കാര്യം വിദഗദ്ധര്‍ പരിശോധിച്ചുവരികയാണെന്നും, അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം അക്കാര്യം ഉറപ്പിച്ചുള്ള റിപ്പോര്‍ട്ട് വരുമെന്ന് താന്‍ കരുതുന്നതായും പ്രൊഫസര്‍ പറയുന്നു. യുകെയില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് യാത്ര ചെയ്തവര്‍ വഴി അയര്‍ലണ്ടിലേയ്ക്ക് വൈറസെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കന്‍ അയര്‍ലണ്ടില്‍ പുതിയ വൈറസ് എത്തിയെന്ന് കരുതുന്നതായി അവിടത്തെ First Minister Arlene Foster-ഉം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം യുകെയില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ക്ക് അയര്‍ലണ്ട് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ നിരോധനം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരോധനം ഇനിയും നീട്ടാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: