അയര്‍ലണ്ടിനായി 800 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വാങ്ങാന്‍ NTA

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐറിഷ് നിരത്തുകള്‍ക്കായി 800 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വാങ്ങാന്‍ National Transport Authority (NTA). ‘സുസ്ഥിരതയിലേയ്ക്കുള്ള വലിയമാറ്റം’ എന്ന് NTA വിശേഷിപ്പിക്കുന്ന പദ്ധതിക്കായുള്ള ടെന്‍ഡറുകളും അധികൃതര്‍ പുറത്തുവിട്ടു. പദ്ധതി പ്രകാരമുള്ള ആദ്യ ബസുകള്‍ 2022 പകുതിയോടെ നിരത്തിലിറങ്ങും.

വൃത്തിയുള്ളതും, ഹരിതാഭ പരത്തുന്നതുമായ ബസുകള്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് പദ്ധതി സ്വാഗതം ചെയ്തുകൊണ്ട് ഗതാഗത മന്ത്രി Eamon Ryan പ്രതികരിച്ചത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് മലിനീകരണം നിയന്ത്രിക്കാനും, രാജ്യം മുമ്പോട്ടുവയ്ക്കുന്ന പാരിസ്ഥിതിക സംരക്ഷണ യജ്ഞത്തിന് കരുത്തുപകരാനും ഇലക്ട്രിക് (ബസുകള്‍) സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുഗതാഗത മേഖലയിലെ ഇത്തരം മാറ്റങ്ങള്‍ ജനങ്ങളെ സ്വകാര്യവാഹനങ്ങള്‍ ആശ്രയിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കരുതുന്നതെന്ന് NTA CEO Anne Graham പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം അടുത്ത ഓഗസ്‌റ്റോടെ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ Zero Emission Vehicle (Revision) നിബന്ധന പാലിക്കുന്നവയാകണം ഈ ഇലക്ട്രിക് ബസുകള്‍. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളിലും ടൗണുകളിലും ഇ-ബസുകള്‍ സര്‍വീസ് നടത്തും.

നേരത്തെ ഡബ്ലിന്‍, ഗോള്‍വേ നഗരങ്ങള്‍ക്കായി NTA പ്രഖ്യാപിച്ച 100 ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ഹൈബ്രിഡ് ബസുകള്‍ ന്യൂ ഇയറോടെ സര്‍വീസ് ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: