പൊളിഞ്ഞു വീഴുന്ന വീടുകളിൽ നിസ്സഹായതയോടെ അവർ; എന്താണ് mica വിവാദം?

അയര്‍ലന്‍ഡില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദം സൃഷ്ടിച്ച ‘mica’ പ്രതിഷേധങ്ങള്‍ ഇന്നും പരിഹാരമാകാതെ നീളുകയാണ്. ഗുണമേന്മയില്ലാത്ത കല്ലുകളുപയോഗിച്ച് നിര്‍മ്മിച്ച Donegal, Mayo, Sligo, Clare എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിള്ളല്‍ വീഴാനും, ചുമരുകളും മറ്റും പൊളിയാനും ആരംഭിച്ചതോടെയാണ് ഇവിടങ്ങളിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്താണ് mica വിവാദം?

കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളില്‍ കാണപ്പെടുന്ന ധാതുക്കളെയാണ് ‘micas’ എന്ന് പറയുന്നത്. അതിനാലാണ് ഈ പ്രശ്‌നം ‘mica scandal’ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്.

Muscovite, biotite, phlogopite എന്നിവയാണ് പൊതുവെ പാറകളില്‍ കാണപ്പെടുന്ന mica ധാതുക്കള്‍. വിവാദത്തില്‍പ്പെട്ടിരിക്കുന്ന 6,000-ഓളം വീടുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് muscovite mica ഉള്‍പ്പെട്ട കല്ലുകളാണ്. 2008-ലാണ് വിവാദത്തില്‍ പെട്ട വീടുകള്‍ ഏറെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പൂര്‍ത്തിയായി ഏറെ വൈകാതെ തന്നെ ആയിരക്കണക്കിന് വീടുകള്‍ വിണ്ടുകീറാന്‍ ആരംഭിച്ചു. പലയിടത്തും കല്ലുകള്‍ ഇളകി വീഴുന്ന വീഡിയോകളും പുറത്തുവന്നു.

ഈ വീടുകള്‍ക്ക് പുറമെ പ്രദേശത്തെ ചില കമ്മ്യൂണിറ്റി സെന്ററുകള്‍, ഹോട്ടലുകള്‍, മെഡിക്കല്‍ സെന്ററുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും mica സാന്നിദ്ധ്യം സംശയിക്കുന്നുണ്ട്.

ഇതെത്തുടര്‍ന്ന് 2017-ല്‍ പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ Mica Action Group രൂപീകരിച്ചു. സംഘം പ്രസിദ്ധീരിച്ച റിപ്പോര്‍ട്ട് പ്രകാരം, mica അടങ്ങിയിരിക്കുന്ന കല്ലുകള്‍ അന്തരീക്ഷത്തിലെ ജലത്തെ വലിച്ചെടുക്കുകയും, ഇത് കെട്ടിടത്തെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നു. 1% വരെ mica സാന്നിദ്ധ്യം അനുവദനീയമാണെന്നും, എന്നാല്‍ ഈ കെട്ടിടങ്ങളില്‍ പലതിലും 17% വരെയാണ mica സാന്നിദ്ധ്യം കണ്ടെത്തിയത് എന്നും പറയുമ്പോള്‍ പ്രശ്‌നത്തിന്റെ വ്യാപ്തി മനസിലാക്കാവുന്നതാണ്. Mica സാന്നിദ്ധ്യത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ കെട്ടിടനിര്‍മ്മാണ സമയത്ത് സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം EU നിയമപ്രകാരം കെട്ടിട നിര്‍മ്മാതാക്കളല്ല, നിര്‍മ്മാണവസ്തുക്കള്‍ വിറ്റവരാണ് ഇത്തരം പ്രശ്‌നങ്ങളുടെ ഉത്തരവാദികള്‍ എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

Mica പ്രതിഷേധം

തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വീട്ടുടമകള്‍ ഇതോടെ പ്രതിഷേധമാരംഭിച്ചു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ജനുവരിയില്‍ Defective Blocks Scheme എന്നൊരു പദ്ധതി സര്‍ക്കാര്‍ പുറത്തിറക്കി. പ്രശ്‌നബാധിത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവിടുന്ന തുകയുടെ 90% വരെ നല്‍കാം എന്നായിരുന്നു പദ്ധതിയിലെ വാഗ്ദാനം. എന്നാല്‍ എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് കെട്ടിടത്തിന്റെ കേടുപാടുകള്‍ പരിശോധിക്കാനും, പദ്ധതിക്ക് അപേക്ഷിക്കാനുമുള്ള തുകയായി 5,000 യൂറോ വീട്ടുകാര്‍ ആദ്യം നല്‍കണം. എന്നാല്‍ പലരും സാമ്പത്തികമായി വലിയ ഞരുക്കം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഈ തുക താങ്ങാവുന്നതിലപ്പുറമാണ്. ഇതോടെ 100% നഷ്ടപരിഹാരം എന്ന ആവശ്യവുമായി പ്രതിഷേധം തുടരുകയാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വീട്ടുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായാണ് വിവരം. പക്ഷേ പ്രശ്‌നം നേരിടുന്ന എല്ലാ വീട്ടുകാര്‍ക്കും 100% തുക തിരികെ ലഭിച്ചേക്കില്ല എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: