അയർലണ്ടിൽ ടാക്‌സികളും ഡ്രൈവർമാരും കുറയുന്നതായി റിപ്പോർട്ട്; ആളുകൾ നടന്നു പോകേണ്ട കാലം വരുമോ?

അയര്‍ലണ്ടിലെ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി കരുത്ത് പ്രാപിച്ചതോടെ 1,200-ലേറെ പേര്‍ ടാക്‌സി ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതായാണ് National Transport Authority (NTA)പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

2020-ലെ കണക്ക് പ്രകാരം രാജ്യത്ത് small public service vehicle (SPSV) ലൈസന്‍സ് ഉള്ളവരുടെ എണ്ണം 26,105 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5% കുറവാണിത്. 854 പേര്‍ക്ക് പുതുതായി ഗാര്‍ഡയില്‍ നിന്നും ലൈസന്‍സ് അനുവദിച്ചപ്പോള്‍ അതിലേറെ പേര്‍ ജോലി ഉപേക്ഷിച്ച് പോയി.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ 12,400 ടാക്‌സി ഡ്രൈവര്‍മാരാണ് ജോലി ഉപേക്ഷിച്ച് പോയത്. അതായത് 32% പേര്‍.

രാജ്യത്ത് ഈ പ്രശ്‌നം ഗുരുതരമായിക്കൊണ്ടിരിക്കുന്നതായാണ് നിലവിലെ വിവിധ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറെക്കാലമായി ലൈസന്‍സ് പുതുക്കാത്തതിനാല്‍ 2020-ല്‍ 641 പേര്‍ക്കാണ് ആജീവനാന്തം ലൈസന്‍സ് നഷ്ടമായത്. 6,200 പേരുടെ ലൈസന്‍സ് ആകട്ടെ കഴിഞ്ഞ 12 മാസത്തിലേറെയായി നിര്‍ജ്ജീവമാണ്. 163 പേര്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ലൈസന്‍സ് തിരികെ നല്‍കുകയും ചെയ്തു. 2019-നെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന ദിനങ്ങളാകും കാത്തിരിക്കുന്നത്.

വളരെ കുറവ് ചെറുപ്പക്കാര്‍ മാത്രമാണ് പുതിയ തലമുറയില്‍ ഈ ജോലി ഏറ്റെടുക്കാന്‍ തയ്യാറാകുന്നത് എന്നതാണ് മറ്റൊരു പ്രശ്‌നം. നിവവിലുള്ള ആകെ ടാക്‌സി ഡ്രൈവര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും 50-ന് മേല്‍ പ്രായമുള്ളവരാണ്. വെറും 1% പേര്‍ മാത്രമാണ് 30-ന് താഴെ പ്രായമുള്ളവര്‍. കൂടുതല്‍ പേരും (57%) ഡബ്ലിനില്‍ ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത് എന്നതിനാല്‍ മറ്റ് പ്രദേശങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ദൗര്‍ലഭ്യമനുഭവപ്പെടുകയും ചെയ്യുന്നു.

രാജ്യത്ത് ടാക്‌സികളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ചെറുവാഹനങ്ങളുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. 2020-ല്‍ 10% കുറവ് വാഹനങ്ങളേ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ചെറു ടാക്‌സികളുടെ എണ്ണം ആദ്യമായി 20,000-ല്‍ താഴെ എത്തുകയും ചെയ്തു. 2020 അവസാനമുള്ള കണക്കനുസരിച്ച് ചെറു ടാക്‌സി വിഭാഗത്തില്‍ നിലവില്‍ 19,352 വാഹനങ്ങളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 2019-നെ അപേക്ഷിച്ച് 2,059 എണ്ണം കുറവാണിത്.

നിയമം കര്‍ശനമാക്കിയത്, ആളുകള്‍ കൂടുതലായി നടത്തവും, സൈക്ലിങ്ങും ശീലിച്ചത്, കോവിഡ് ബാധ എന്നിവയാണ് ഈ മാറ്റത്തിന് കാരണമായി ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഈയിടെയായി ചെറിയ രീതിയില്‍ രംഗത്ത് ഉണര്‍വ്വ് കാണുന്നുണ്ടെന്നും, അത് ശുഭസൂചനയാണെന്നും NTA അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: