അയർലണ്ടിൽ വാടകത്തട്ടിപ്പുകാർ ഏറുന്നു; ഇന്ത്യക്കാരെ ലക്ഷ്യമിട്ടും തട്ടിപ്പുകൾ

അയര്‍ലണ്ടില്‍ വാടകവീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം 2021-ല്‍ 22% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യം കടുത്ത ഭവനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ അത് മുതലെടുത്ത് വാടകത്തട്ടിപ്പുകാര്‍ വിലസുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകത്തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഗാര്‍ഡ പറയുന്നു.

2019 ജനുവരി മുതലുള്ള വാടകത്തട്ടിപ്പുകളുടെ കണക്കെടുത്താല്‍ 90 ശതമാനവും വാടകയ്ക്ക് വീടോ, അപ്പാര്‍ട്ട്‌മെന്റോ നല്‍കാമെന്ന് കാട്ടി നടത്തിയ തട്ടിപ്പുകളാണ്. ഹോട്ടല്‍, ഹോം സ്‌റ്റേ പോലെ ഏതാനും ദിവസത്തേയ്ക്ക് മാത്രം വാടകയ്ക്ക് റൂം നല്‍കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ബാക്കി 10%.

കോവിഡ് ആരംഭിച്ച ശേഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് വാകത്തട്ടിപ്പുകള്‍ ഏറുന്നതെന്ന് ഗാര്‍ഡ പറയുന്നു. കോവിഡിന് മുമ്പ് തട്ടിപ്പുകളുടെ ആധിക്യം വേനല്‍ക്കാലത്തായിരുന്നു.

2021-ല്‍ നടന്ന ആകെ വാടകത്തട്ടിപ്പുകളില്‍ 45 ശതമാനവും നടന്നത് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ്. 2020-ല്‍ 40% തട്ടിപ്പുകളാണ് ഇതേ കാലയളവില്‍ നടന്നത്.

2021-ല്‍ ആകെ 279 വാടകത്തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020-ല്‍ അത് 228 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തട്ടിപ്പുകളില്‍ ഇരയാക്കപ്പെട്ടവരില്‍ പകുതി പേരും 25 വയസിന് താഴെയുള്ളവരാണ്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളുമാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റ വിദ്യാര്‍ത്ഥികളും വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്.

വാടകയില്‍ വലിയ കുറവ് വാഗ്ദാനം ചെയ്യുന്നവര്‍ പൊതുവെ തട്ടിപ്പുകാരായിരിക്കുമെന്നാണ് തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഉടന്‍ അഡ്വാന്‍സ് നല്‍കണമെന്നും, ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വീട് കൈവിട്ട് പോയേക്കുമെന്നുമെല്ലാം ഇവര്‍ പറഞ്ഞേക്കാം. എന്നാല്‍ വീട് നേരിട്ട് കാണാതെ ഒരു കാരണവശാലും പണം നല്‍കരുത്.

സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരത്തില്‍ മിക്ക തട്ടിപ്പുകളും നടക്കുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയാണ് അതില്‍ പ്രധാനം.

പണം കൈമാറ്റം ചെയ്യുമ്പോള്‍ ഒരിക്കലും നേരിട്ട് പൈസ നല്‍കരുതെന്നും ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്നും ഗാര്‍ഡ ഡിറ്റക്ടീവ് സൂപ്രണ്ടായ മൈക്കല്‍ ക്രയാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഗൂഗിള്‍ പേ, പേ പാള്‍, വെസ്‌റ്റേണ്‍ യൂണിയന്‍ പോലുള്ള മണി വാലറ്റുകളിലേയ്‌ക്കൊന്നും പണം അയച്ച് നല്‍കരുത്. iTunes ഗിഫ്റ്റ് കാര്‍ഡ്, ക്രിപ്‌റ്റോ കറന്‍സി എന്നീ ഇടപാടുകളും നടത്തരുത്. കാരണം തട്ടിപ്പ് ആണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അയച്ച പണം റീഫണ്ട് ചെയ്ത് ലഭിക്കാനോ, ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാനോ സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: