കോവിഡ്: അയർലണ്ടിലെ ബിയർ നിർമ്മാണം പകുതിയോളം കുറഞ്ഞു, നോൺ-ആൾക്കഹോളിക്‌ ബിയറിന് ജനപ്രീതി ഏറിയതായും റിപ്പോർട്ട്

കോവിഡ് കാരണം ഹോസ്പിറ്റാലിറ്റി മേഖല പലവട്ടം അടച്ചിടേണ്ടിവന്നത് 2021-ല്‍ അയര്‍ലണ്ടിലെ ബിയര്‍ നിര്‍മ്മാണത്തെ വലിയ രീതിയില്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചതായി റിപ്പോര്‍ട്ട്. Drinks Ireland|Beer പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020-2021 കാലഘട്ടത്തിനിടെ ബിയര്‍ നിര്‍മ്മാണത്തില്‍ 46% എന്ന വലിയ ഇടിവാണ് നേരിട്ടത്.

2021-ല്‍ ബിയര്‍ വില്‍പ്പനയില്‍ 1.3% ഇടിവും, കയറ്റുമതിയില്‍ 3% കുറവും നേരിട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 246 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് പോയ വര്‍ഷം നടന്നത്.

അയര്‍ലണ്ടിലെ ജനങ്ങള്‍ കുടിക്കുന്ന ബിയറിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ആളൊന്ന് കുടിക്കുന്ന ബിയറിന്റെ അളവില്‍ 2.3% കുറവാണ് വന്നിട്ടുള്ളത്.

Stout ബിയര്‍ വില്‍പ്പനയിലും കുറവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിന് മുമ്പ് ആകെ ബിയര്‍ വില്‍പ്പനയില്‍ 30 ശതമാനവും stout ആയിരുന്നു. 2020-ല്‍ ഇത് 25.3% ആയി കുറഞ്ഞു. എന്നാല്‍ 2021-ല്‍ ഇത് 32.2% ആയി ഉയര്‍ന്നു.

അതേസമയം നോണ്‍-ആല്‍ക്കഹോളിക് ബിയറിന് അയര്‍ലണ്ടില്‍ പ്രചാരമേറുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. 2020-ല്‍ 1.1% ആയിരുന്നു ഇതിന്റെ മാര്‍ക്കറ്റ് ഷെയറെങ്കില്‍ 2021-ല്‍ അത് 1.5% ആയി വര്‍ദ്ധിച്ചു. 2017-ല്‍ വെറും 0.4% മാത്രമായിരുന്നു നോണ്‍-ആല്‍ക്കഹോളിക് ബിയറിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്നും വിദഗ്ദ്ധര്‍ പറയുന്നു.

comments

Share this news

Leave a Reply

%d bloggers like this: