തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കാതെ വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ അരുവിക്കരയില്‍ പോകുമോ എന്ന ചോദ്യത്തിന്. പോകില്ലെന്ന വാര്‍ത്ത കൊടുത്തവരാണ് അതിന് മറുപടി നല്‍കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അരുവിക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ചുമതല വി.എസിന് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കോടിയേരി ബാലകൃഷണന്‍ നടത്തിയിരുന്നു.
അരുവിക്കര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നിന്നും വി.എസിനെ ഒഴിവാക്കിയിരുന്നു. ഇത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ വി.എസിനെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിക്കാന്‍ അച്യുതാനന്ദന്‍ തയ്യാറായില്ല.
അതേസമയം കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിം രാജ് മുഖ്യമന്ത്രിയുടേ ഓഫീസ് ദുരുപയോഗം ചെയ്തുവെന്നും. അതിന് അനുവാദം നല്‍കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സലിം രാജ് അധികാര ദുര്‍വ്വിനിയോഗം നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. മുഖ്യമന്ത്രിയെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ അധികാര ദുര്‍വ്വിനിയോഗം നടത്തിയെങ്കില്‍ അതിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. അരുവിക്കരയില്‍ ജനം ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ രണ്ടായിരം കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ക്ക് തെളിവ് സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിക്കുകയും തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു എന്ന അറിയിപ്പ് പരാതിക്കാര്‍ക്ക് ലഭിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു ഫയലോ, അന്വേഷണമോ ആരംഭിച്ചിട്ടേയില്ല എന്നാണ് പോലീസ് പറയുന്നതെന്നും വി.എസ് പറഞ്ഞു.