ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കലാപത്തില്‍ കുറ്റാരോപിതനും ആയിരുന്ന ജഗദീഷ് ടൈറ്റ്‌ലര്‍ വ്യക്തമാക്കിയതായി ഉന്നതന്റെ സാക്ഷ്യപ്പെടുത്തല്‍. കേസിലെ പ്രധാന സാക്ഷിയും ആയുധവ്യാപാരിയുമായ അഭിഷേക് വര്‍മ സി.ബി.ഐയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.
നാവികസേനാ ചാരവൃത്തി കേസില്‍ പ്രതിയാണ് വര്‍മ. 2010ല്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയടങ്ങുന്ന റിപ്പോര്‍ട്ട് രണ്ടാം തവണ സി.ബി.ഐ വിചാരണ ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2013 ആഗസ്റ്റ് 5ന് എടുത്ത മൊഴിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ടൈറ്റ്‌ലര്‍ക്ക് അനുകൂലമായ രീതിയില്‍ അന്വേഷണം നടത്തുവാന്‍ സി.ബി.ഐ ഡയറക്ടറെ പ്രേരിപ്പിക്കാന്‍ സഹായകമായെന്ന് വര്‍മ ആരോപിച്ചിരുന്നു.
സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ജഡ്ജിന് അത് സ്വീകാര്യമായില്ല. തനിക്കെതിരെയുള്ള സാക്ഷിക്ക് വന്‍ തുക നല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയതെന്നും ടൈറ്റ്‌ലര്‍ വ്യക്തമാക്കിയതായി അഭിഷേക് വര്‍മ അറിയിച്ചു. 2008 ആഗസ്റ്റില്‍ നാവികസേനാ ചാരവൃത്തി കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷം മുന്‍ എം.എല്‍.എ ഗോപാല്‍ കണ്ഡയുടെ ഫാംഹൗസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ടൈറ്റ്‌ലര്‍ തന്നോട് ഇത് വ്യക്തമാക്കിയതെന്ന് വര്‍മ പറഞ്ഞു. അഭിഷേക് വര്‍മയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വിവിധ സിഖ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.