ഡബ്ലിന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളിയെ നാട്ടുകാരുടെ സംഘം തല്ലിച്ചതച്ചതായി ഗാര്‍ഡ സ്ഥിരീകരിച്ചു. പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഡാനി വാര്‍ഡ് എന്നയാളെയാണ് ഡബ്ലിനിലെ റിംഗ്‌സെന്‍ഡിലുള്ള ബി ആന്‍ഡ് ബിയില്‍ ഒരു സംഘമാളുകള്‍ ചേര്‍ന്ന് കൈകാര്യം ചെയ്തത്.
വാര്‍ഡിന്റെ താമസസ്ഥലത്ത് വെച്ചാണ് 15 പേരടങ്ങുന്ന ഒരു സംഘം ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ വാര്‍ഡിനെ കസ്റ്റഡിയിലെടുക്കുകയും സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ പൊതുജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് ഗാര്‍ഡ മുന്നറിയിപ്പുനല്‍കി.
ചെറിയ കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷയനുഭവിച്ച 35 വയസുകാരനായ ഇയാളെ ഇതിനുമുമ്പും നാട്ടുകാര്‍ സംഘടിച്ച് താമസസ്ഥലത്തുനിന്നും പുറത്താക്കിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും കറങ്ങി നടക്കുന്ന ഇയാളെ ഗാര്‍ഡയും നിരീക്ഷിച്ച് വരുകയായിരുന്നു.
-എജെ-