കെയ്‌റോ: ഹമാസിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള വിധി ഈജിപ്ഷ്യന്‍ കോടതി റദ്ദാക്കി. കെയ്‌റോയിലെ അപ്പീല്‍ കോടതിയാണ് കീഴ്‌കോടതി ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വിധി റദ്ദാക്കി ഉത്തരവ് ഇറക്കിയത്.
വിധിയെ സ്വാഗതം ചെയ്ത് ഹമാസ് നേതൃത്വം രംഗത്തെത്തി. മുമ്പ് സംഭവിച്ച തെറ്റ് അപ്പീല്‍ കോടതി തിരുത്തിയിരിക്കുന്നു. ഈജിപ്ഷ്യന്‍ അധികൃതരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹമാസ് വക്താവ് സമി അബ്ദുള്‍ സുഹരി പറഞ്ഞു.
എന്നാല്‍ ഹമാസിനെതിരെ നേരത്തെ കോടതിയെ സമീപിച്ച അഭിഭാഷകന്‍ അഷ്‌റഫ് ഫര്‍ഹത് വിഷയത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് അറിയിച്ചു. കീഴ്‌കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹമാസിനെ ഭീകര പട്ടികയില്‍ നിലനിര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. മുസ്ലിം ബ്രദര്‍ഹുഡും ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡും ഇപ്പോഴും ഭീകരപട്ടികയില്‍ തന്നെയാണുള്ളത്. അതിനാല്‍, ഹമാസിനെ മാത്രം ഒഴിവാക്കുന്നത് നീതീകരിക്കാനാകില്ലെന്നും അഷ്‌റഫ് പറഞ്ഞു.
പലസ്തീനെ സ്വതന്ത്രരാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹമാസ്. പലസ്തീനിന്റെ സ്വാതന്ത്ര്യമാണ് 1987ല്‍ രൂപംകൊണ്ട ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. 2006ല്‍ നടന്ന പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫത്വാ പാര്‍ട്ടിയെ പരാജയപ്പെടുത്തിയ ഹമാസ് അധികാരത്തിലേറിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഗാസ ഭരിക്കുന്നത് ഹമാസാണ്.
ഹമാസ് ഭീകരസംഘടനയല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നും വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വസ്തുതാപരമായ തെറ്റിദ്ധാരണകള്‍ മൂലമാണ് ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും അന്ന് കോടതി പറഞ്ഞു.
-എജെ-