പരസ്പര സമ്മതത്തോടെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

 

മെയിന്‍പൂരി: ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പരസ്പര സമ്മതത്തോടെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. മന്ത്രി ടോടാറാം യാദവിന്റേതാണ് ഞെട്ടിപ്പിക്കുന്ന പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബലാത്സംഗങ്ങള്‍ നിയന്ത്രണവിധേയമായോ എന്ന ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.’ എന്താണ് ബലാത്സംഗം? അങ്ങനെ ഒന്നില്ല. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പരസ്പര സമ്മതത്തോടെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നത്.’

ബലാത്സംഗങ്ങള്‍ രണ്ട് തരത്തിലുണ്ടെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് കൂടിയായ ടോടാറാം പറയുന്നു.’ ഒന്ന് ബലംപ്രയോഗിച്ചുള്ളത്. മറ്റൊന്ന് പരസ്പരം സമ്മതത്തോടെ നടക്കുന്നത്.’ ശനിയാഴ്ച്ച ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിച്ച് പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് രംഗത്തു വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘ബലാത്സംഗ കേസുകളില്‍ എന്തിനാണ് തൂക്കികൊല്ലുന്നത്, അവര്‍ ആണ്‍കുട്ടികളാണ്, അവര്‍ക്ക് തെറ്റുകള്‍ പറ്റാം’ എന്നായിരുന്നു മുലായത്തിന്റെ വിവാദ പരാമര്‍ശം. കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷ വിധിച്ചപ്പോഴായിരുന്നു മുലായത്തിന്റെ പ്രതികരണം.
-എജെ-

Share this news

Leave a Reply

%d bloggers like this: