പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ നീക്കം

 
തിരുവനന്തപുരം: സംസ്ഥാനത്തെ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നതായി സൂചന. സര്‍ക്കാര്‍ പ്രസുകളേയും കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിനേയും ഒഴിവാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഇതോടെ സര്‍ക്കാരിന് കോടികളുടെ അധികച്ചെലവ് ഉണ്ടാകും. അതേസമയം കെബിപിഎസും സര്‍ക്കാര്‍ പ്രസുകളും ഈ മാസത്തിനുള്ളില്‍ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാല്‍ ബദല്‍ മാര്‍ഗംതേടുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോല്‍ നല്‍കാനുള്ള പുസ്തകങ്ങളുടെ അച്ചടിക്കുള്ള സാധന സാമഗ്രികള്‍ ഫെബ്രുവരി പത്താം തിയതി മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടി വകുപ്പിനു കീഴിലുള്ള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സിന് കൈമാറിയത്. എന്നിട്ടും അച്ചടിക്കാന്‍ ഏല്‍പിച്ച രണ്ട് കോടി 32 ലക്ഷം പുസ്തകങ്ങളില്‍ ഒരു കോടി 62 ലക്ഷം പുസ്തകങ്ങള്‍ കെബിപിഎസ് അച്ചടിച്ചുനല്‍ക . ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ക!ഴിയില്ലെന്ന അറിവ് വിദ്യാഭ്യാസ വകുപ്പിനുമുണ്ടായിരിക്കെ മനപൂര്‍വമായ കാലതാമസം വരുത്തിയെന്നാണ് ആരോപണം.

ഇതിനിടെ സ്വകാര്യ പ്രസുകളെ അച്ചടി ഏല്‍പിക്കുന്നതിനുള്ള നീക്കവും ഉണ്ടായി . ഇതോടെ ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രസുകള്‍ തയാറായി മണ്ണന്തല,വാഴൂര്‍ , ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പ്രസുകള്‍ അച്ചടി ഏറ്റെടുക്കാന്‍ തയാറാണെന്ന് മെയ് ആറാം തിയതി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചെങ്കിലും പതിവുപോലെ വിദ്യാഭ്യാസ വകുപ്പ് അച്ചടിക്കുവേണ്ട സാധന സാമഗ്രികളെത്തിക്കാന്‍ വൈകി. മെയ് 21 ന് മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് സാധനങ്ങളെത്തിച്ചുനല്‍കിയത്. ബാക്കി അച്ചടിക്കേണ്ട 60ലക്ഷത്തിലേറെ പുസ്തകങ്ങളില്‍ ആറ് ലക്ഷം പുസ്തകങ്ങള്‍ രാത്രിയും പകലുമായി ജോലി ചെയ്ത് ജൂണ്‍ ഒന്നിനുമുന്പ് സര്‍ക്കാര്‍ പ്രസുകള്‍ അച്ചടിച്ചു നല്‍കി ബാക്കി 53ലക്ഷം പുസ്തകങ്ങളുടെ അച്ചടി വീണ്ടും ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സിനെ ഏല്‍പിച്ചു. ഇവര്‍ അച്ചടി തുടങ്ങാനിരിക്കെയാണ് വീണ്ടും സ്വകാര്യ പ്രസുകളെ ഏല്‍പിക്കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത് .

കേരളത്തിലേയും ശിവകാശിയിലേയും രണ്ട് സ്വകാര്യ പ്രസുകളെ അച്ചടി ഏല്‍പിക്കാനാണ് നീക്കം . ഇങ്ങനെ നല്‍കുമ്പോള്‍ നല്‍കേണ്ട അച്ചടി തുക കൂട്ടുന്നതിനുള്ള സമ്മര്‍ദവും വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ട്. സ്വകാര്യ പ്രസിലേക്ക് അച്ചടി പോയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയിലേറെ അധിക ബാധ്യത വരും .അതേസമയം ഈ മാസത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കാനാകില്ലെന്ന് സര്‍ക്കാര്‍ പ്രസുകളും കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സും അറിയിച്ചെന്നും അതുകൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതിനുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു .
-എജെ-

Share this news

Leave a Reply

%d bloggers like this: