ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതൃയോഗത്തിലാണ് മുന്‍ നിയമമന്ത്രി ജിതേന്ദ്രതോമറിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയര്‍ന്നത്. ദില്ലി കാന്റ് എംഎല്‍എ സുരേന്ദര്‍ സിംഗ്, കരോള്‍ ബാഗ് എംഎല്‍എ വിശേഷ് രവി എന്നിവരുടേതും വ്യാജബിരുദമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തോമറിനെതിരെയുള്ള നടപടിയെടുക്കുന്നത് പാര്‍ട്ടി നേതാക്കള്‍ക്ക് പാഠമാകുമെന്നാണ് എഎപി കരുതുന്നത്.

വ്യാജ ബിരുദ വിവാദത്തില്‍ താന്‍ നിരപരാധിയാണെന്ന വിശദീകരണം നല്‍കി തോമര്‍ തെറ്റിദ്ധരിപ്പിച്ചതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അസംതൃപ്തനാണ്. തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തോമറിന് നല്‍കിയരുന്ന നിയമസഹായം പാര്‍ട്ടി നിര്‍ത്തി. തോമറിന് പാര്‍ട്ടി നല്‍കിയിരുന്ന അഭിഭാഷകനെ പിന്‍വലിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ള ജിതേന്ദ്രതോമറിനെ ബിഹാറിലെ ഭഗല്‍പൂരിലും മുംഗറിലുമെത്തിച്ച പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. കോളേജിലെത്തിച്ചപ്പോള്‍ താന്‍ പഠിച്ച ക്ലാസ് മുറിയേതെന്ന് പോലും പൊലീസ് പറഞ്ഞുകൊടുക്കാന്‍ തോമറിന് കഴിഞ്ഞിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: