ഡബ്ലിന്‍: ഡ്രംകോണ്ട്രയില് പാട്രിക്സ് നാഷണല്‍ ബോയ്സ് സ്കൂളിന് സമീപം സെക്സ് ഷോപ്പ് തുടങ്ങുന്നതിനെതിരെ പ്രദേശവാസികള്‍, എന്നാല്‍ ഷോപ്പ് തുടങ്ങുന്നത് ആലോചിച്ച് തന്നെയാണെന്ന് ഉടമ. പ്ലേ ബ്ലൂ എന്ന ഷോപ്പിന്റെ ഉടമ ഡോയല്‍ ഷോപ്പ് തുടങ്ങുന്നതില്‍ പ്രശ്നമൊന്നും തോന്നുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഷോപ്പിന് വേണ്ടി സെക്സ് എന്ന പദം എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു. ഷോപ്പിലെഴുതിയിരിക്കുന്ന വാചകം അഡല്‍ട്ട് ഷോര്‍ എന്നാണെന്നും പറയുന്നു.
പ്രാദേശിക കൗണ്‍സിലറായ നോയല്‍ റോക്കിന് പരാതിയുമായി അമ്പതിലേറെ പ്രദേശവാസികളാണ് ഫോണ്ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ടെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നു. വിഷയം കൗണ്‍സിര്‍ പരിസ്ഥിതി മന്ത്രിക്ക് എഴുതിയിട്ടുണ്ട്. സെക്സ് ഷോപ്പുകള്‍ തുടങ്ങുന്നതിന് പ്രത്യേകിച്ച് അനുമതിയുടെ ആവശ്യമൊന്നും നിലവില്‍ ഇല്ല. ഏതൊരു റീട്ടെയില്‍ സ്ഥാപനവും പോലെ തന്നെ തുടങ്ങാം. ഇത് മൂലം നിയമപരമായി ഷോപ്പുകള്‍ വരുന്നത് തടയാനും ആകില്ല.
സെക്സ് ഷോപ്പിന് സമീപമുള്ള കുട്ടികളുടെ ഷോപ്പ് ഫീറ്റ് ആന്റ് കോ ഉടമ സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കുന്നുണ്ട്. ഇത്തരം ബിസ്നസിന് പറ്റിയ മേഖലയല്ല സ്കൂള്‍ പരിസരമെന്ന്ഫീറ്റ് ആന്റ് കോ ഉടമ നോയല്‍ കോകോമാന് പറയുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുന്നുവെന്നാണ് പ്ലേബ്ലൂ സഹ ഉടമ റോബര്‍ട്ട് ഡോയല്‍ പ്രതികരിക്കുന്നത്. കില്‍ക്കെന്നിയിലും ഇവര്‍ക്ക് കടയുണ്ട്. ജനങ്ങള്‍ അതി വൈകാരികമായാണ് വിഷയത്തോട് പ്രതികരിക്കുന്നതെന്ന് സഹ ഉടമകളിലൊരാളായ റിച്ചി കുള്ളന്‍ പറയുന്നു. കുട്ടികള്‍ ഷോപ്പിനെക്കുറിച്ച് ആശങ്കപ്പെടുകയോ ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ലെന്ന് കുള്ളന്‍ അഭിപ്രായപ്പെടുന്നു. എന്താണ് ഷോപ്പിലെന്ന് അറിയാന്‍ തന്നെ സാധ്യതയില്ലെന്നും സൂചിപ്പിക്കുന്നു.
മോശമായിചിന്തിക്കാന് ഇക്കാര്യത്തില്‍ ഒന്നും തന്നെയില്ലെന്ന് ഡോയല്‍ കൂട്ടിചേര്‍ക്കുന്നുണ്ട്. അശ്ലീല ചിത്രങ്ങളോ മറ്റോ ആവശ്യമാണെങ്കില്‍ അത് ഓണ്‍ലൈനില്‍ വ്യാപകമായി ലഭിക്കുന്നുണ്ട്. ഇതിനായി കുട്ടികള്‍ ഷോപ്പിനെ ആശ്രയിക്കില്ലെന്നും കൂട്ടിചേര്‍ക്കുന്നു. കുട്ടികള്‍ക്ക് കാണാവുന്ന വിധത്തില്‍ യാതൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. കുട്ടികളെ ഷോപ്പിലേക്ക് പ്രവേശിപ്പിക്കുന്നുമില്ല. പ്ലേക്കാര്ഡുകളോ മറ്റോ തെരുവില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്നു.