തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുറ്റപത്രമില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അന്വേഷണത്തിന്റെ മേല്‍നോട്ടമുള്ള വിജിലന്‍സ് ദക്ഷിണ മേഖല എഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ശരിവച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ അന്തിമ തീരുമാനവും ഉടനുണ്ടായേക്കും.
കേസില്‍ മാണിക്കെതിരേ തെളിവില്ലെന്നാണ് നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ എഡിജിപിക്ക് നല്കിയ നിയമോപദേശം. പണം ആവശ്യപ്പെട്ടുവെന്നും കോഴയായി സ്വീകരിച്ചുവെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം നല്കിയത്.
അതിനിടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ബാറുടമ ബിജു രമേശും പ്രതിപക്ഷവും രംഗത്തെത്തി. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഒത്തുകളിച്ചുവെന്ന് തോമസ് ഐസക് എംഎല്‍എ ആരോപിച്ചു. കേസ് അട്ടിമറിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ബിജു രമേശും വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ മാണിക്കെതിരേ ശക്തമായ തെളിവുകളുണ്‌ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ ടെലിഫോണ്‍ രേഖകളും ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതിന്റെ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിരുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലവും മാണിക്ക് എതിരായിരുന്നു.
-എജെ-