ഞാന്‍ മോഹന്‍ലാലല്ല: നിവിന്‍ പോളി

ദുബായ്: 100 ചിത്രങ്ങള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴലിനെ തൊടുവാന്‍ പോലും പറ്റില്ലെന്നും സൂപ്പര്‍സ്റ്റാര്‍ പദവി ആഗ്രഹിച്ചല്ല ജോലി ചെയ്യുന്നതെന്നും നിവിന്‍ പോളി. ഏത് നിലയില്‍ എത്തിയാലും മോഹന്‍ലാലുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ഗള്‍ഫ് പത്രമായ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു. പ്രേമത്തിന്റെ വന്‍വിജയത്തിന് പിന്നാലെ നിവിന്‍ പോളിയെ മോഹന്‍ലാലിനോട് ഉപമിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിവിന്‍ പോളിയുടെ പ്രതികരണം.

രണ്ട് കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്ന വാര്‍ത്ത വിഡ്ഢിത്തമാണ്. പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തയാണിതെന്നും നിവിന്‍ പറഞ്ഞു.
അതിനോട് പ്രതികരിക്കുന്നില്ലെന്നും രണ്ട് കോടി പ്രതിഫലമെന്ന് പറയുന്നത് ബുദ്ധിശൂന്യമായ കാര്യമാണെന്ന് മലയാള സിനിമയെക്കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കുമറിയാമെന്നും നിവിന്‍ പറയുന്നു.

പ്രേമത്തിലെ മൂന്ന് നായികമാരില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെ പ്രണയിക്കാനാണ് ആഗ്രഹമെന്നതിന് മലര്‍ എന്നയിരുന്നു നിവിന്റെ മറുപടി. പ്രേമത്തിലെ മൂന്ന് പ്രണയങ്ങളില്‍ ഏതാണ് ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന പ്രണയമാണിതെന്നും നിവിന്‍ പറയുന്നു. പ്രേമത്തിന്റെ വിജയം താന്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഈ വിജയം തനിക്ക് പുതുതായി ഒരു ഭാവം ഒന്നും സമ്മാനിക്കുന്നില്ലെന്നും പറയുന്ന നിവിന്‍ സിനിമാ കരിയറിലെ വിജയങ്ങള്‍ക്ക് താന്‍ വിനീത് ശ്രീനിവാസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

പ്രേമം ഇത്രവലിയ ഹിറ്റ് ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച ചിത്രമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. റിലീസിങ്ങിന്റെ തലേദിവസം ചിത്രം എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റിലീസ് ദിനത്തിലെ പ്രതികരണം അമ്പരിപ്പിച്ചു. പ്രേമത്തിന്റെ വിജയം അല്‍ഫോണ്‍സിന് മാത്രം അവകാശപ്പെട്ടതാണെന്നും നിവിന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: