ഡബ്ലിന്‍: ഐറിഷ് ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ എവിടെ വേണമെങ്കിലും ചികിത്സ തേടാനാവും ചെലവാകട്ടെ എച്ച്എസ്ഇ വഹിക്കും. ക്രോസ്ബോര്‍ഡര്‍ ഹെല്‍ത്ത് കെയര്‍ ഡയറക്ട്രീവ് (സിബിഡി) പ്രകാരം കഴിഞ്ഞ വര്‍ഷം മുതലാണ് യുറോപ്യന്‍ അടിസ്ഥാനത്തില്‍ ഇത് നിലവില്‍ വന്നത്. ഫെബ്രുവരിയില്‍ നടത്തിപ്പിന് വേണ്ടി ഡബ്ലിനില്‍ ഓഫീസും തുറന്നു. പദ്ധതി പ്രകാരം ഐറിഷ് സംവിധാനത്തിനകത്ത് ലഭിക്കുന്ന ഏത് ചികിത്സയും യൂറോപ്യന്‍ യൂണിയനില്‍ രോഗികള്‍ക്ക് ലഭിക്കും.
ഡെന്‍റല്‍ കെയര്‍, ഫിസിയോ തെറാപ്പി, മാനസികാരോഗ്യ ചികിത്സ ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്. വടക്കന്‍ അയര്‍ലന്‍ഡില്‍ സേവനം തേടുന്നവര്‍ക്കും ഇത് ബാധകമാണ്. അതേ സമയം പുതിയ പദ്ധതി ആരോഗ്യ രംഗത്ത് ചെലവ് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കൂടാതെ പദ്ധതിയെ വേണ്ടത്ര ജനകീയമാക്കുന്നില്ലെന്ന് സര്‍ക്കാരിന് വിമര്‍ശനവും വരുന്നുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും ചികിത്സാ കാത്തിരിപ്പ് പട്ടികയിലുള്ളവരോ ഔട്ട് പേഷ്യന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് വഴി നടപടികള്‍ക്കോ വിധേയമാകേണ്ടതില്ല.
അയര്‍ലന്‍ഡിലേക്ക് മടങ്ങിയെത്തിയ രോഗികള്‍ക്ക് ചെലവ് കാണിച്ചാല്‍ ഇവ എച്ച്എസ്ഇ തിരിച്ച് നല്‍കും. അപേക്ഷ നിരസിക്കാനുള്ള അധികാരം എച്ച്എസ്ഇയ്ക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമാകണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശമാണ് ആവശ്യമുള്ളത്. രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നല്‍കേണ്ടി വരും. ഇയുവിലെ എല്ലാ രാജ്യങ്ങളിലും നിര്‍ദേശങ്ങള്‍ ബാധകമാണ്.