വിപ്പ് തനിക്ക് ബാധകമല്ലെന്ന് സ്പീക്കര്‍ക്ക് പിസി ജോര്‍ജ്ജിന്‍റെ കത്ത്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ വിപ്പ് തനിക്ക് ബാധകമല്ലെന്ന് സ്പീക്കര്‍ക്ക് പി.സി ജോര്‍ജിന്റെ കത്ത്. വിഷയാധിഷ്ഠിതമായി യു.ഡി.എഫിനെതിരെ വോട്ട് ചെയ്യാനോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനോ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . അതേ സമയം ജോര്‍ജിനെ അയോഗ്യനാക്കുന്നതിനുള്ള നിയമ നടപടികളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഈ മാസം 30 കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് ചേരും.

കഴിഞ്ഞ മൂന്നിനാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് കത്തു കൊടുത്തത്. ജോര്‍ജിന്റെ നിയമസഭാ അംഗത്വം നഷ്ടപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നീക്കം തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ കത്ത് പുറത്തുവരുന്നത്. എല്ലാ അര്‍ഥത്തിലും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നുവെന്നാണ് പി.സി ജോര്‍ജിന്റെ വാദം. പാര്‍ട്ടി യോഗത്തിലേയ്‌ക്കോ പാര്‍ലമെന്ററി പാര്‍ട്ടിയിലേയ്ക്ക് വിളിക്കുന്നില്ല.തന്റെ അഭിപ്രായങ്ങളൊന്നും കേള്‍ക്കുന്നില്ല.

എന്നാല്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. യു.ഡിഎഫിലെ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധന നിയമം തനിക്ക് ബാധകമല്ല. അതിനാല്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ മാറ്റാനോ അല്ല എന്റെ നീക്കം. അതിനാല്‍ വിഷയാധിഷ്ഠിതമായി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനോ യു.ഡി.എഫിനെതിരായ വോട്ടു ചെയ്യുന്നതിനോ അനുവദിക്കണം
അതേ സമയം ഈ കത്ത് ജോര്‍ജിനെ അയോഗ്യനാക്കാനുള്ള തെളിവാകുമെന്നാണ് കേരള കോണ്‍ഗ്രസ് മറുപടി. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള തെളിവുകള്‍ സമാഹരിക്കാന്‍ മൂന്നംഗസമിതിയെ കേരള കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: