കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്‌സും കൊല്ലം സ്വദേശിയുമായ അഡോള്‍ഫ് ലോറന്‍സിനെ സി.ബി.ഐ കൊച്ചി യൂണിറ്റ് അറസ്റ്റു ചെയ്തു. തട്ടിപ്പ് നടത്തിയ അല്‍സറാഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനത്തിന് ഒത്താശ ചെയ്തു നല്‍കിയ കേസുകളില്‍ ഒന്നാം പ്രതിയാണ് ലോറന്‍സ്. കേസിലെ മറ്റൊരു പ്രതിയും അല്‍സറാഫ ഉടമസ്ഥനുമായ ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
1,200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയവുമായി അല്‍സറഫ ഏജന്‍സി ഉണ്ടാക്കിയത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം സേവന ഫീസായി ഒരാളില്‍ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍ അല്‍ സറഫ മാന്‍ പവര്‍ ഏജന്‍സി ഒരാളില്‍ നിന്നും 19.5 ലക്ഷത്തോളം രൂപ ഈടാക്കിയിരുന്നു. ഇങ്ങനെ 230 കോടി രൂപയാണ് ഇയാള്‍ തട്ടിച്ചത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി അഡോള്‍ഫ ലോറന്‍സ്, ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്ന മൊഴികളും സി.ബി.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.