ന്യൂഡല്‍ഹി: ഐ.പി.എല്‍ മുന്‍ കമ്മിഷണറും വിവാദ വ്യവസായിയുമായ ലളിത് മോദി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ 11.63 കോടി രൂപ നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഝലവര്‍ബാരന്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ദുഷ്യന്ത്. 2011 ആഗസ്റ്റില്‍ മോദിക്ക് ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വസുന്ധര സഹായിച്ചതിന്റെ രേഖകള്‍ പുറത്തായി. തന്റെ പങ്ക് ഇന്ത്യന്‍ അധികാരികള്‍ക്ക് വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിച്ചാണ് വസുന്ധര മോദിയെ സഹായിച്ചത്.
3.80 കോടി രൂപ വായ്പ ഇനത്തിലും പിന്നീട് രണ്ട് തവണകളായി 815 ഓഹരികളുമായാണ് തുക നിക്ഷേപിച്ചത്. ഇതുരണ്ടും കൂടിയുള്ള തുകയാണ് ആകെ 11.63 കോടി രൂപ. ലളിത് മോദിയുടെ സ്ഥാപനമായ ആനന്ദ ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്, മൗറിഷ്യസിലെ വില്‍റ്റന്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ നിന്ന് 21 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 11.63 കോടി രൂപയാണ് ദുഷ്യന്തിന്റെ നിയാന്ത് ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ മോദി നിക്ഷേപിച്ചത്. വസുന്ധരെ രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇടപാട് നടന്നത്. ഇത് നിക്ഷേപകരുടെ ശ്രദ്ധയും പിടിച്ചു പറ്റി. 10 രൂപ നിരക്കിലാണ് മോദി ഓഹരി വാങ്ങിയത്, പ്രീമിയം തുക 96,180 രൂപയും.
ദുഷ്യന്തും ഭാര്യ നിഹാരികയുമാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇരുവരും 50,000 രൂപ വീതമാണ് കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. 2005ല്‍ ആരംഭിച്ച കമ്പനിയുടെ മൂലധനം 10 ലക്ഷം രൂപയാണ്.