കുടുംബനാഥന്റെ ആത്മഹത്യ:ബോബി ചെമ്മണ്ണൂരിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുമെന്ന് പൊലീസ്

 
തിരൂര്‍: താഴെപ്പാലത്തെ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെത്തി ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറി മാനേജ്‌മെന്റിനെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. താനൂര്‍ കെ. പുരം സ്വദേശി പാട്ടശ്ശേരി ഇസ്മായില്‍ (50) ആണ് ജൂണ്‍ 13ന് തിരൂര്‍ താഴെപ്പാലത്തെ ജ്വല്ലറിയിലെത്തി തീ കൊളുത്തിയത്. 14 ന് ഇസ്മായില്‍ മരിച്ചു.

മകളുടെ വിവാഹത്തിന് ഫെബ്രുവരിയില്‍ ഇസ്മായില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയിരുന്നു. ബില്‍ പ്രകാരം 3.63 ലക്ഷം രൂപ വിവാഹത്തിന് ശേഷം നല്‍കാമെന്ന കരാറിലാണ് സ്വര്‍ണ്ണം വാങ്ങിയത്. എന്നാല്‍ കടം തിരിച്ചടക്കാന്‍ കഴിയാതായതോടെ ചെമ്മണ്ണൂര്‍ ജ്വല്ലറി ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ഇസ്മായിലിന്റെ ഭാര്യ ഷഹീദ തിരൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ മകളുടെ വീട്ടിലെത്തിയും ജ്വല്ലറി ജീവനക്കാര്‍ അപമര്യാദമായി പെരുമാറിയതായി പറയുന്നു. ഇതില്‍ മനംനൊന്താണ് ഇസ്മായില്‍ ജ്വല്ലറിയിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് ഷഹീദ പരാതിയില്‍ പറയുന്നു.

ആത്മഹത്യാ ശ്രമത്തിനിടെ ജ്വല്ലറി ജീവനക്കാരന്‍ പ്രജീഷിനും പരിക്കേറ്റിരുന്നു. ജൂണ്‍ 14 ന് ഇസ്മായില്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ കടങ്ങള്‍ എഴുതിത്തള്ളിയെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. ജ്വല്ലറി ജീവനക്കാര്‍ ഇസ്മായിലിന്റെ വീട്ടിലെത്തിയതായോ ഭീഷണിപ്പെടുത്തിയതായോ ഉള്ള കാര്യങ്ങള്‍ പുറത്തുവന്നിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെയാണ് ഷഹീദ പൊലീസില്‍ പരാതി നല്‍കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെ മറ്റ് വകുപ്പുകളും ജീവനക്കാര്‍ക്കെതിരെ ചുമത്തുമെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: