കെ.എഫ്.സിയില്‍ ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ചെയ്ത യുവാവിന് കിട്ടിയത് എലി ഫ്രൈ

 

കാലിഫോര്‍ണിയ: കെ.എഫ്.സിയില്‍ നിന്നും ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് എലി ഫ്രൈ. കാലിഫോര്‍ണിയയിലാണ് സംഭവം. ഡിവോറൈസ് ഡിക്‌സണ്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ ചിക്കന്‍ പാഴ്‌സലിലാണ് പൊരിച്ച എലിയെ കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ ഔട്ട്‌ലെറ്റിലെ മാനേജര്‍ ഡിക്‌സണോട് ക്ഷമ ചോദിച്ചു. സംഭവത്തെ തുടര്‍ന്ന ഡിക്‌സണ്‍ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലിട്ടു. സംഭവം വാര്‍ത്തയായതോടെ ഫേസ്ബുക്ക് പേജിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡിക്‌സണിന്റെ അനുഭവം തങ്ങളുടെ രാജ്യങ്ങളില്‍ ഷെയര്‍ ചെയ്തു എന്നറിയിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ചിക്കനില്‍ എലിയെ കണ്ടെത്തിയെന്ന വാര്‍ത്ത കെ.എഫ്.സി അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ സംഭവം അന്വേഷിച്ചെന്നും എന്നാല്‍ ഉപഭോക്താവിന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും കെ.എഫ്.സി അധികൃതര്‍ പറഞ്ഞതായി ദി മിറര്‍ എന്ന ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കഴിഞ്ഞ ജൂണില്‍ കോയമ്പത്തൂരിലെ ബിസിനസുകാരനായ യാസീര്‍ അറഫാത്ത് വാങ്ങിയ കെ.എഫ്.സി ചിക്കന്‍ ബക്കറ്റില്‍ നിന്നും പുഴുക്കളെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. കെ.എഫ്.സി അധികൃതര്‍ ചിക്കന്‍ മാറ്റിത്തരാമെന്ന് പറയുകയും പുഴുക്കളുള്ള ചിക്കന്‍ തങ്ങള്‍ പരിശോധിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്ത അറാഫത്ത് ഭക്ഷണം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരിശോധനയില്‍ അവ ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞതോടെ കെ.എഫ്.സിക്കെതിരെ കോയന്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: