അപകടം കണ്ടാല്‍ സഹായിക്കൂ,നിയമ ബാധ്യതകള്‍ ഒന്നും വരില്ല

 

നാട്ടിലെത്തുമ്പോള്‍ അപകടത്തില്‍പെട്ടവരെ കണ്ടാല്‍ പോലീസ് നടപടി ഭയന്ന് ഇനി കണ്ടില്ലെന്ന് നടിച്ച് കടന്നുപോകണ്ട്. അപകടത്തില്‍പെട്ടവരെ സഹായിക്കാം. യാതൊരു നിയമ നടപടിയിലും നിങ്ങള്‍ പങ്കാളികളാകേണ്ടതില്ല.

സാധാരണ ആരെങ്കിലും റോഡപകടത്തില്‍ പെട്ടുകിടക്കുന്നത് കണ്ടാല്‍ മനസാക്ഷിയുള്ളവര്‍ അവരെ ഹോസ്പിറ്റലിലെത്തിക്കും. എന്നാല്‍ പലപ്പോഴും സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ ആ കേസിനു പുറകെ നടക്കേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുന്നത് പതിവായപ്പോള്‍ ആരെങ്കിലും വഴിയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടാലും പലരും അവരെ ഹോസ്പിറ്റലിലെത്തിക്കാന്‍ വിമുഖത കാണിച്ചുതുടങ്ങി. അതോടെ സമയത്തിന് ആശുപത്രിയിലെത്തിക്കാതെ അപകടത്തില്‍ പെട്ട് മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കുന്നതിനായുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നിയമപരമായ ബാധ്യതകള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അപകടത്തില്‍ സഹായിക്കുന്നവരുടെ പേര് വെളിപ്പെടുത്തുന്ന കാര്യത്തിലും സംരക്ഷണമുറപ്പാക്കുന്നുണ്ട്.

സേവ് ലൈഫ് ഫൗണ്ടേഷന്‍ 2012 ല്‍ സമര്‍പ്പിച്ച പരാതിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേസിന്റെ വിചാരണ വേളയില്‍ അപകടത്തില്‍പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. നിയമം നിര്‍മ്മിക്കുന്നത് വരെ ഈ മാനദണ്ഡങ്ങള്‍ പാലിക്കണം.

കഴിഞ്ഞ മെയ് 13 ന് ഗതാഗതവകുപ്പ് ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
-റോഡ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ചോദ്യങ്ങളൊന്നും നേരിടാതെ ഉടന്‍ തന്നെ ആശുപത്രി വിടാം. ദൃക്‌സാക്ഷികള്‍ക്ക് തങ്ങളുടെ വിലാസം നല്‍കിയ ശേഷവും ആശുപത്രി വിട്ടി പോകം.
-അപകടത്തില്‍പെട്ടവരെ സഹായിച്ചവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കും.
-ഇവര്‍ക്ക് നിയമപരമായ ബാധ്യതകളൊന്നും ഉണ്ടാകില്ല.
-അപകടത്തെക്കുറിച്ച് പേരുവെളിപ്പെടുത്താതെ തന്നെ പോലീസിന് വിവരം നല്‍കാം.
-ആശുപത്രികളിലെ Medico Legal Case ഫോമുകളില്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തണോ എന്ന് സ്വയം തീരുമാനിക്കാം.
-അപകടത്തില്‍ പെട്ടവരെ സഹായിക്കുന്നവരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചാല്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കാം.
-ദൃക്‌സാക്ഷികളാണ് അപകടത്തില്‍ പെട്ടവരെ സഹായിച്ചതെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒരു തവണ മാത്രമേ ഇവരെ ചോദ്യം ചെയ്യാന്‍ അധികാരമുള്ളൂ. പിന്നീട് ഇവരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
-ദൃക്‌സാക്ഷികളെ വീഡിയോ കോണ്‍ഫറന്‍സിന്റെ സഹായത്തോടെ ആയിരിക്കണം ചോദ്യം ചെയ്യേണ്ടത്.
-അപകടത്തില്‍പെട്ടവരെ സഹായിച്ചവരെ ആശുപത്രി അധികൃതര്‍ തടഞ്ഞു വെയ്ക്കുകയോ ചികിത്സയ്ക്ക് പണമടയ്ക്കാനാവശ്യപ്പെടുകയോ ചെയ്യരുത്. അവര്‍ ബന്ധുക്കളാണെങ്കില്‍ മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം.
-അടിയന്തിര സാഹചര്യങ്ങളില്‍ സേവനം നല്‍കാന്‍ തയാറാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ കൃത്യവിലോപത്തിന് നടപടി സ്വീകരിക്കും
-അപകടത്തില്‍പെട്ടവരെ സഹായിച്ചവര്‍ക്ക് തങ്ങളുടെ പരിശ്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് ആശുപത്രി അധികൃതരില്‍ നിന്ന് ആവശ്യപ്പെടാം. ഇതിനുള്ള മറുപടി, അപകടം നടന്ന സ്ഥലവും സമയവും രേഖപ്പെടുത്തി നിശ്ചിത മാതൃകയില്‍ നല്‍കണം.

റോഡ് സുരക്ഷ സംബന്ധിച്ച ശക്തമായ നിയമനിര്‍മാണത്തിന് പ്രധാനമന്ത്രിക്ക് നിങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കുവാന്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
http://www.roadsafetyatrisk.in/

അപകടത്തില്‍ പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാരും നടപടി സ്വീകരിച്ചുകഴിഞ്ഞു. റോഡപകടങ്ങളിലും ആക്രമണങ്ങളിലും മറ്റും പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കുന്ന ആളുകളെ നിയമനടപടികളുടെ പേരില്‍ പീഡിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. അപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍, പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കുന്നതോടെ അയാളുടെ ഉത്തരവാദിത്തം അവസാനിക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
പൊലീസ് അയാളെ ചോദ്യം ചെയ്യാന്‍ പാടില്ല. പരിക്കേറ്റയാള്‍ ആശുപത്രിയിലത്തെിയ കാര്യം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിക്കേണ്ടത്. പരിക്കുപറ്റിയത്തെുന്നവര്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഉടന്‍ ചികിത്സ നല്‍കണമെന്നും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. 1989 ആഗസ്റ്റ് 28ന് ഇതുസംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ചൂണ്ടിക്കാട്ടിയാണിത്.
പരിക്കുമായി ആശുപത്രിയിലത്തെുന്നവര്‍ക്ക് ആദ്യം പ്രാഥമിക ചികിത്സ നല്‍കണം. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണം. ഇതിനുശേഷം മാത്രമേ ആശുപത്രികള്‍ ചികിത്സയുടെ പണം ആവശ്യപ്പെടാനും പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കാനും ആവശ്യപ്പെടാവൂ.
ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ ആശുപത്രികള്‍ക്കും പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഈ വിവരം ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: