വാടക ഡബ്ലിന് പുറത്തും വര്‍ധിക്കുന്നു…താമസ സൗകര്യങ്ങള്‍ കിട്ടാക്കനിയാകുമോ?

ഡബ്ലിന്‍: വാടക വീടെന്നത് ഡബ്ലിനു പുറത്തും കിട്ടാകനിയാകുമെന്ന് സംശയം ജനിപ്പിക്കും വിധം നിരക്ക് വര്‍ധന. ഡബ്ലിനിലെ കുത്തനെയുള്ള വാടക വര്‍ധനയ്ക്കിടെ മറ്റ് പ്രദേശങ്ങളിലും നിരക്ക് വര്‍ധന വന്ന് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷം ആദ്യ ത്രൈമാസത്തില്‍ ഡബ്ലിന് പുറത്തുള്ള മേഖലയില്‍ വാടക വര്‍ധിച്ചത് ഡബ്ലിനിലെ നിരക്ക് വര്‍ധനയേക്കാള്‍ മുകളിലാണെന്ന് പ്രൈവറ്റ് റെന്‍റല്‍ ടെനന്‍സി ബോര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ദേശീയമായി വാടക ആറ് ശതമാനം ആണ് വര്‍ധിച്ചത്.

അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് ശരാശരി €878 ആണ് നിലവില്‍ വാട. വീടുകള്‍ക്ക് €814ഉം ശരാശരി വാടക വരുന്നുണ്ട്. യഥാക്രമം നേരത്തെയിത് €815ഉം€765ഉം ആയിരുന്നു. ഡബ്ലിനിലെ നിരക്കിലെ വാര്‍ഷിക വളര്‍ച്ച 9.6%ആണ്. വീടിന് ശരാശരി €1,325 ഉം അപ്പാര്‍ട്ട്മെന്‍റിന് €1,205 നല്‍കാതെ വാടയ്ക്ക് താമസ സൗകര്യം ലഭിക്കില്ല. തലസ്ഥാന നഗരിക്ക് പുറത്ത് വാടക ഇത്രയില്ല. എന്നാല്‍ നിരക്ക് വര്‍ധിച്ചത് മുന്‍പില്ലാത്ത വിധത്തിലുമാണ്. ഡബ്ലിന് പുറത്ത് മുന്‍ വര്‍ഷം അവസാന ത്രൈമാസത്തെ അപേക്ഷിച്ച് 1.5%വര്‍ധന നിരക്കിലുണ്ടായിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റുകളുടെ കാര്യത്തിലിത് 2.1% ഉം വീടുകളുടെ വാടകയില്‍ 1.6% ആണ് ഉയര്‍ച്ച.

വാടക ഏറ്റവും കൂടുതലുണ്ടായിരുന്ന വര്‍ഷങ്ങളുമായി ഇക്കുറി ത്രൈമാസത്തിലെ വാടക തട്ടിച്ച് നോക്കിയാല്‍ 16.9% കുറവാണ്. എന്നാല്‍ ഡബ്ലിന്‍ മേഖലയിലെ വാടക മാത്രമെടുത്താല്‍ ഇത് ഏറ്റവും ഉയര്‍ന്ന വാടകയുണ്ടായിരുന്ന സമയത്തേക്കാള്‍ ഏഴ് ശതമാനത്തിനടുത്ത് മാത്രം കുറവാണെന്നും വ്യക്തമാണ്.

വാടക ഉയരുന്നത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വഴികള്‍ ആലോചിക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനപ്പെടുത്തി വാടക നിര്‍ണയിക്കുന്നത് നടപ്പാക്കുമെന്ന് ഈ മാസം ആദ്യമാണ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പറഞ്ഞിരുന്നത്. താത്കാലികമായി വാടക കുറയ്ക്കുന്നതിനും കൂടാതെ ഭവന പ്രതിസന്ധിക്കും പരിഹാരം കാണണമെന്നും മന്ത്രിക്ക് ആഗ്രഹമുണ്ട്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വാടകക്ക് കെട്ടിടം കൊടുക്കുന്നവര്‍ക്ക് ഇന്‍സെന്‍റീവുകള്‍ നല്‍കാന്‍ കെല്ലി പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. യൂറോപില്‍ മറ്റ് ഭാഗങ്ങളില്‍ ഇത്തരം രീതി നിലവലുള്ളത് അയര്‍ലന്‍ഡിലും കൊണ്ട് വരാനാണ് മന്ത്രി ഉദ്ദേശിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: