തിരുവനന്തപുരം: സോളാര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്ക് 30 ലക്ഷം രൂപ നല്‍കിയെന്ന് സരിതയുടെ കത്തിലുണ്ടെന്ന വാദവുമായി മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും രംഗത്തുവന്നു.
ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ സരിത 10 ലക്ഷം രൂപ എത്തിച്ചുവെന്നും പി.സി. ആരോപണമുന്നയിക്കുന്നു. മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത് സ്വന്തം വീട്ടുകാരെ രക്ഷിക്കാനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അതേസമയം, കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സോളാര്‍ കേസില്‍ തന്നെ സംരക്ഷിക്കാമെന്ന് പറഞ്ഞവര്‍ കൈവിട്ടു എന്നും കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു. ജോസ് കെ മാണിയെക്കാള്‍ ഉന്നതര്‍ കേസിലുണ്ട്. അവരുടെ പേരുകള്‍ വെളിപ്പെടുത്തും. അവ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ല എന്നും സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ വിധി വന്നതിനു പിന്നാലെയാണ് സരിതയും പിന്നാലെ പി.സി. ജോര്‍ജും ആരോപണങ്ങളുമായി രംഗത്തുവന്നത്.