ഡബ്ലിന്‍:പിഐപി സ്തന ശസ്ത്രക്രിയകള്‍ ആവര്‍ത്തിച്ച് നടത്തുന്നത് തടയുന്നതിന് സര്‍ക്കാര്‍ നീക്കം. കൂടാതെ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ നടത്തുന്നതിന് മേല്‍ നീരീക്ഷണം നടത്താന്‍ ഹിക്വയ്ക്ക് അധികാരം നല്‍കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളും സൗന്ദര്യ വര്‍ധക ശസ്ത്രക്രിയാ നടപടികളും ഇതോടെ ഹിക്വയ്ക്ക് പരിശോധിക്കാമെന്ന് വരും. നിര്‍ദേശങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.
ഇത് കൂടാതെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്ന എത്തിക്സ് കമ്മിറ്റിക്ക് മുകളിലും ഹിക്വയ്ക്ക് നിരീക്ഷണാധികാരം വരും. ഹെല്‍ത്ത് ആക്ട് 2007 ഭേദഗതികള്‍ക്കാണ് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ നിര്‍ദേശങ്ങള്‍ വെയ്ക്കുന്നത്. നേരത്തെ സിലിക്കന്‍സ്തനങ്ങള്‍ക്കായി ഉപയോഗിച്ചത് വ്യവസായ ഗുണനിലവാരം മാത്രമുള്ള സിലിക്കണാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് നിയമമാറ്റത്തിന് വഴി തെളിയുന്നത്. എണ്ണൂറോളം ഐറിഷ് സ്ത്രീകളിലാണ് ഇത്തരത്തില്‍ നിലവാരം കുറഞ്ഞ സിലിക്കന്‍ ഉപയോഗിച്ച് സ്തന ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്.
ലോകത്താകട്ടെ പതിനായിരക്കണക്കിന് പേരെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. 2010ലാണ് സംഭവം പുറത്ത് അറിയുന്നത്. സിലിക്കന്‍ സ്തന നിര്‍മ്മാതാക്കളായ പോളി ഇംപ്ലാന്‍റ് പ്രോതീസിന്‍റെ ഉത്പന്നമാണ് മതിയായ നിലവാരം പുലര്‍ത്താത്തെന്ന് വ്യക്തമായിരുന്നത്. ഹാര്‍ലി മെഡിക്കല്‍ ഗ്രൂപ്പ് പോലുളള ഐറിഷ് ക്ലിനിക്കുകള്‍ ഇവരുടെ ഉത്പന്നമാണ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ക്ലിനിക്ക് അടച്ചു പൂട്ടിയിരിക്കുകയാണ്.
ചട്ടമാറ്റങ്ങളുടെ കരട് തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. അടുത്ത വര്‍ഷം മധ്യത്തോടെ നിയമം വരാനാണ് സാധ്യതയുള്ളത്. പുതിയ നിയമം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നാണ് വരേദ്ക്കര്‍ വ്യക്തമാക്കുന്നത്. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും ഈ മേഖലയും കൃത്യമായ നിരീക്ഷണമില്ലാതെ തുടരുകയാണ്.