ഡബ്ലിന്‍:സര്‍ക്കാരിന്‍റെ യുഎച്ച്ഐ പദ്ധതിയോട് പ്രതിപത്തിയില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ തനിക്ക് വിശ്വാസമൊന്നും ഇല്ലെന്ന് ബര്‍ട്ടന്‍ കോര്‍ക്കില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ആരോഗ്യ നയവുമായി ഇവയൊന്നും യോജിച്ച് പോകുന്നതല്ലെന്നും ബര്‍ട്ടന്‍ പറയുന്നു. വലിയൊരുവിഭാഗം ജനത്തിനും സേവനം എത്തിക്കാന്‍ കഴിയാത്ത പദ്ധതികളില്‍ വിശ്വസിക്കുന്നില്ല.
ഖജനാവിന് താങ്ങാനാവുന്നതിലും ബാധ്യത വരുത്തുന്നതും ജനങ്ങള്‍ക്ക് പ്രീമയത്തിന് അധിക ചെലവ് വരുത്തുന്നതുമായ സംവിധാനം തുടരേണ്ടകാര്യം തന്നെയില്ലെന്നും ബര്‍ട്ടന്‍ പറയുന്നു. യുഎച്ച്ഐയില്‍ വെള്ളം ചേര്‍ക്കുന്നതിന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് തൊട്ട് പിന്നാലെയാണ് ബര്‍ട്ടന്‍റെ പ്രതികരണമെന്നതും ശ്രദ്ദേയമാണ്.
യുഎച്ച്ഐ വിഭാവനം ചെയ്ത വിധത്തില്‍ നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്‍റെ കൈയ്യിലില്ല. ഇത് മൂലം പദ്ധതിയെ പുതിയ രീതിയില്‍ മാറ്റുന്നതിന് ആലോചിക്കുകയാണ്. പ്രൈമറി കെയറും, മരുന്നുകളും പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന. അതേ സമയം തന്നെ വിഷയം പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രിയുമായുള്ള തര്‍ക്കത്തിന് വഴിവെച്ചേക്കും. കെന്നി പദ്ധതിയുടെ പൂര്‍ണമായ നടത്തിപ്പിനും പഴയ മാതൃകയ്ക്കും അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്.
വരേദ്ക്കര്‍ ആരോഗ്യമന്ത്രിയായതോടെ യുഎച്ച്ഐയുടെ നടപടികള്‍ മെല്ലോപ്പോക്കിലായി. സര്‍ക്കാര്‍ പദ്ധതിയില്‍ ഉറച്ച് നിക്കാന്‍ ശ്രമിക്കുകയും ലിയോ വരേദ്ക്കര്‍ ഇതില്‍ നിന്ന് പിന്മാറാനും താത്പര്യപ്പെടുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബര്‍ട്ടന്‍ കൂടി നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുമെന്ന് വ്യക്തമായി. ലേബര്‍ പാര്‍ട്ടിയുടെ ആരോഗ്യനയം പ്രൈമറി കെയര്‍ കേന്ദ്രീകരിച്ചാണെന്നും ഇന്‍ഷുറന്‍സ് കേന്ദ്രീകരിച്ചല്ലെന്നും ബര്‍ട്ടന്‍ വ്യക്തമാക്കുന്നു.
ഇതിനിടെ സര്‍ക്കാരിന്‍റെ മറ്റൊരു പദ്ധതിയായ സൗജന്യ ജിപി സേവനത്തിന്‍റെ പ്രതിസന്ധി തുടരുകയാണ്. ആറ് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി സേവനം എന്നത് അടുത്തമാസം ഒന്ന് മുതല്‍ തുടങ്ങുകയാണ്. ജിപിമാരാകട്ടെ ഇതിനായി കരാറില്‍ ഒപ്പിട്ടത് ഒരു വിഭാഗം മാത്രമാണ്. സര്‍ക്കാര്‍ മഹാ ഭൂരിപക്ഷം ജിപിമാരും വരും ദിവസങ്ങളില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ഉള്ളത്.