മിയാമി: ലോകത്ത് കൂട്ടവംശ നാശം അഭിമുഖീകരിച്ചുകൊണ്ടിരിക്കുക യാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങള്‍ നേരത്തെയുള്ളതിനേക്കാള്‍ 100 ഇരട്ടി വേഗത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പഠനത്തിന്റെ ബലത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത്. അതിനുശേഷം ഇത്രവേഗത്തില്‍ ജീവി വര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം നേരിടുന്നത് ഇതാദ്യമായിട്ടാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍. സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്റ്റണ്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് പഠനം നടത്തിയത്. നാം ആറാമത്തെ കൂട്ടം വംശനാശത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞതായി പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിസംശയം പറയാമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ബയോളജി പ്രൊഫസര്‍ പോള്‍ എഹ്‌റിച്ച് പറഞ്ഞു. വംശനാശം സംഭവിക്കുന്ന ജീവിവര്‍ഗങ്ങളില്‍ മനുഷ്യനും ഉള്‍പ്പെടുമെന്ന് ജേണല്‍ സയന്‍സ് അഡ്വാന്‍സില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തിലുണ്ട്. വംശനാശത്തിന്റെ പാതയിലായ നിരവധി ജീവിവര്‍ഗ്ഗങ്ങളെ ചൂണ്ടിക്കാണിക്കാനാകുമെന്നും എന്റിച്ച് കൂട്ടിചേര്‍ത്തു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് അപകടകരമാകുമെന്നും മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്നും നേരത്തെ തന്നെ അപ്രത്യക്ഷരാകുമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച ഗവേഷകരിലൊരാളായ ജെറാര്‍ഡൊ സെബല്ലോസ് പറയുന്നു.
നട്ടെല്ലുള്ള ജീവികളുടെ ഫോസില്‍ റെക്കോര്‍ഡുകളും ചരിത്രരേഖകളും പരിശോധിച്ചാണ് വംശനാശത്തിന്റെ ഇപ്പോഴത്തെ നിരക്കിനെക്കുറിച്ച് ഗവേഷകര്‍ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. ഭൂമിയില്‍ മനുഷ്യന്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന ജീവിവര്‍ഗ്ഗത്തിന്റെ വംശനാശ നിരക്കുമായാണ് ഇപ്പോഴത്തെ വംശനാശ നിരക്ക് താരതമ്യം ചെയ്തത്. ഇതിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ ജീവിവര്‍ഗങ്ങളുടെ വംശനാശ നിരക്ക് ആദിമ കാലത്തേക്കാള്‍ 114 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. ആദിമകാലത്ത് 100 വര്‍ഷത്തിനിടെ രണ്ട് സസ്തനി വര്‍ഗ്ഗങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചിരുന്നത്.
കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, വനനശീകരണം തുടങ്ങിയവയാണ് ജീവിവര്‍ഗ്ഗങ്ങളുടെ അതിവേഗത്തിലുള്ള വംശനാശത്തിന് പ്രധാനകാരണം. 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും വംശനാശ ഭീഷണിയിലാണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ വേഗത്തില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു. ജീവിവര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം ലഘൂകരിക്കാന്‍ അടിയന്തരമായ ഇടപെടലുണ്ടാകണം.
-എജെ-