മുംബയ് ഭീകരാക്രമണ സൂത്രധാരന്‍ ലഖ്വിയ്ക്കെതിരായ ഇന്ത്യയുടെ നടപടിക്ക് ചൈനയുടെ തട

യുണൈറ്റഡ് നേഷന്‍സ്: 2008ലെ മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും പാകിസ്ഥാനിലെ ലഷ്‌കറെ തയ്ബ ഭീകരനുമായ സക്കിയൂര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ നടപടി ആവശ്യപ്പെടാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന തടഞ്ഞു. ലഖ്‌വിയ്‌ക്കെതിരെ നടപടി എടുക്കുന്നതിന് ആവശ്യമായ വിവരങ്ങളോ തെളിവുകളോ ഇന്ത്യ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇടങ്കോലിട്ടത്.

ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ലഖ്‌വിയുടെ മോചനത്തെ കുറിച്ച് പാകിസ്ഥാനോട് വിശദീകരണം ആവശ്യപ്പെടാന്‍ യു.എന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ചൈനയുടെ പ്രതിനിധികളുടെ ഇടപെടല്‍ മൂലം ഇത് തടസപ്പെടുകയായിരുന്നു.

ലഖ്‌വിയെ മോചിപ്പിച്ചതിനെ കുറിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി ഐക്യരാഷ്ട്ര സഭാ ഉപരോധ സമിതിയുടെ ചെയര്‍മാന്‍ മക് ലേയ്ക്ക് കത്തു നല്‍കിയിരുന്നു. യു.എന്നിന്റെ പ്രമേയം 1267ന്റെ ലംഘനമാണ് ലഖ്‌വിയുടെ മോചനമെന്ന് കത്തില്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. അല്‍ക്വഇദ, ലഷ്‌കറെ തയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന ഈ പ്രമേയത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല പാകിസ്ഥാന്‍ കോടതിയുടെ നടപടിയെന്നും മുഖര്‍ജി വ്യക്തമാക്കിയിരുന്നു. ഉപരോധം സംബന്ധിച്ച കമ്മിറ്റിയില്‍ അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളുമാണുള്ളത്.

ലഖ്‌വിയുടെ മോചനം അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. ലഖ്‌വിയെ വീണ്ടും ജയിലില്‍ അടയ്ക്കണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബയ് ആക്രമണകേസില്‍ ലഖ്‌വി അടക്കം ഏഴു പ്രതികളാണുള്ളത്. പാകിസ്ഥാനില്‍ ഇവര്‍ അറസ്റ്റിലായെങ്കിലും പിന്നീട് മോചിപ്പിക്കപ്പെടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: