പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇനി ഹിതപരിശോധനയില്ലെന്ന് ഹൗളിന്‍

ഡബ്ലിന്‍:പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ഹിതപരിശോധന ഐറിഷ് ജനതക്ക് നേരിടേണ്ടി വരില്ലെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. അയര്‍ലന്‍ഡിനോട് ഗര്‍ഭഛിദ്ര വിഷയത്തില്‍ ഹിതപരിശോധന നടത്തുന്നതിന് യുഎന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തരത്തിലുള്ള ഹിതപരിശോധനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഇക്കാര്യം ഉറപ്പാണെന്നും ഹൗളിന്‍ വ്യക്തമാക്കുന്നു.  ലേബര്‍ പാര്‍ട്ടിയുടെ അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തില്‍ എട്ടാം വകുപ്പ് ഭേദഗതി അസാധുവാക്കുന്നത് കൂടി ഉള്‍പ്പെടുത്തും. ഇതാണ് ഗര്‍ഭഛിദ്ര നിയമമായി വരിക.

എട്ടാം വകുപ്പ് പിന്‍വലിക്കുന്നത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ജനവിധി തേടാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനമെന്നും ഹൗളിന്‍ പറയുന്നു. തിങ്കളാഴ്ച്ച യുഎന്നിന്‍റെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക അവകാശങ്ങള്‍ക്ക് മേലുള്ള കമ്മിറ്റി രണ്ട്  ഹിതപരിശോധനകള്‍ അയര്‍ലന്‍ഡില്‍ നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതില്‍ ഒന്ന് ഗര്‍ഭഛിദ്രം സംബന്ധിച്ചും മറ്റൊന്ന് സ്ത്രീകളുടെ സ്ഥാനം സംബന്ധിച്ചുമാണ്.  പതിനേഴംഗ കമ്മിറ്റിയ്ക്ക് മുമ്പാകെ കഴി‍ഞ്ഞ ദിവസം പന്ത്രണ്ടോളം എന്‍ജിഒകളാണ് ഹാജരായിരുന്നത്.  വിദേശകാര്യ സഹമന്ത്രി സിയാന്‍ ഷെര്‍ലോക്കിന്‍റെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി അഭിപ്രായങ്ങള്‍ കേട്ടത്. പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് അയര്‍ലന്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നത്.

തിങ്കളാഴ്ച്ചത്തെ റിപ്പോര്‍ട്ട് പാര്‍പ്പിടം, വിദ്യാഭ്യാസം ,ആരോഗ്യം, എന്നിവ സംബന്ധിച്ച് പൗരന്മാരുടെ അവകാശം എത്രമാത്രം സംരക്ഷിക്കപ്പെടുന്നുണ്ടെന്നത് സംബന്ധിച്ചാണ് .   45 നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്ത്രീകള്‍,ന്യൂനപക്ഷം, മറ്റ് അവശ ഗ്രൂപ്പുകള്‍ എന്നിവയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് നിര്‍ദേശങ്ങള്‍. ഗര്‍ഭിഛിദ്രം സംബന്ധിച്ച് രാജ്യത്തുള്ള നിയന്ത്രിതമായനിയമം സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു.  40.3.3  വകുപ്പ് റദ്ദാക്കുന്നതിന് ഹിതപരിശോധന നടത്തണെന്നാണ് ആവശ്യപ്പെടുന്നത്. ഇതാണ് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനും ഗര്‍ഭിണിക്കും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: