ജയിലില്‍ സരിതയെസന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ വെട്ടി തിരുത്തിയ നിലയില്‍

കൊച്ചി : സോളാര്‍ കേസിലെ തട്ടിപ്പുകള്‍ ശിവരാജന്‍ കമ്മിഷന്റെ മുമ്പിലും അരങ്ങേറി. തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ സന്ദര്‍ശിച്ചവരുടെ പേരും വിവരങ്ങളും അപ്പാടെ വെട്ടിത്തിരുത്തിയ നിലയിലുള്ള ജയില്‍ രജിസ്റ്ററാണ് ജയില്‍ സൂപ്രണ്ട് നസീറ ബീവി കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയത്. ഒറ്റ നോട്ടത്തില്‍ തന്നെ കമ്മിഷന്‍ ഇത് കണ്ടെത്തുകയും ജയിലിലെ സുപ്രധാന രേഖകളില്‍ തിരിമറി കാണിക്കുന്നത് ഗൗരവമാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ട് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കിലും രജിസ്റ്റര്‍ രണ്ടാമത് കുത്തിക്കെട്ടി ബയന്‍ഡ് ചെയ്തതാണെന്ന് നസീറ ബീവി സമ്മതിച്ചു. ജയില്‍ ചട്ടം ലംഘിച്ച് നിരവധി സന്ദര്‍ശകരെ കാണാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും രജിസ്റ്റര്‍ പരിശോധിച്ച കമ്മിഷന്‍ കണ്ടെത്തി. വിവാദമായ സരിതയുടെ മൊഴി മാറ്റത്തിന് തൊട്ടുമുമ്പ് നടന്ന കൂടിക്കാഴ്ചയുടെ വിവരം രേഖപ്പെടുത്തിയ പേജിന്റെ തൊട്ടടുത്ത പേജ് വലിച്ചു കീറിയിട്ടുണ്ട്. സരിതയുടെ ബന്ധു ആദര്‍ശ് ഒരു രേഖകളും ഹാജരാക്കാതെയാണ് ജയിലിനുള്ളില്‍ പ്രവേശിച്ചതെന്നും നസീറ ബീവി മൊഴി നല്‍കി.

2013 ജൂലായ് 27 മുതല്‍ 2014 ഫെബ്രുവരി 21 വരെയാണ് സരിത അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞത്. ഇതിനിടയിലുള്ള ജയില്‍ സന്ദര്‍ശകരുടെ ഇന്റര്‍വ്യൂ രജിസ്റ്ററിലാണ് നിരവധി വെട്ടിത്തിരുത്തലുകള്‍ നടന്നത്. പേജുകള്‍ ഇളക്കിയെടുക്കുകയോ വലിച്ചു കീറുകയോ ചെയ്ത നിലയിലാണ്.സരിതയുടെ അമ്മ ഇന്ദിരയും ബന്ധു ആദര്‍ശും ജയിലില്‍ സന്ദര്‍ശകരായിരുന്നു. ഇവരുടെ സന്ദര്‍ശന സമയം രേഖപ്പെടുത്തിയതും വെട്ടിത്തിരുത്തിയിട്ടുണ്ട്. സരിതയുടെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം അഭിഭാഷകരായ ഫെനി ബാലകൃഷ്ണന്‍, ബാഹുലേയന്‍, സുഹൃത്ത് രാജേഷ് എന്നിവരുമുണ്ടായിരുന്നു. എന്നാല്‍ ബാഹുലേയന്‍, രാജേഷ് എന്നിവരുടെ പേരുകള്‍ വൈറ്റ്‌നര്‍ ഉപയോഗിച്ച് മായ്ക്കുകയും ഫെനി ബാലകൃഷ്ണന്റെ പേര് പേനകൊണ്ട് വെട്ടിയ നിലയിലുമാണ്. സൂക്ഷിച്ചു നോക്കിയാല്‍ ഇവ വായിച്ചെടുക്കാം.

ജയിലില്‍ രാവിലെ 11 മുതല്‍ അഞ്ചു വരെയാണ് സന്ദര്‍ശന സമയം. സരിതയുടെ സന്ദര്‍ശകരുടെ കാര്യത്തില്‍ സമയനിഷ്ഠ പാലിച്ചിരുന്നില്ല. സരിതയുടെ രഹസ്യപരാതി ജയില്‍ സൂപ്രണ്ട് 2013 ജൂലായ് 29നാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2013 ജൂലായ് 27ന് ജയില്‍ ഡി.ഐ.ജി ഗോപകുമാര്‍ സന്ദര്‍ശകനായി എത്തിയിരുന്നു. ജയിലില്‍ ഡി.ഐ.ജി സരിതയുമായി കൂടിക്കാഴ്ച നടത്തിയതുമായി രജിസ്റ്ററിലുണ്ട്. 31ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം സന്ദര്‍ശനത്തിനു വരുന്നുവെന്ന് പറഞ്ഞിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം വന്നില്ലെന്ന് രജിസ്റ്ററില്‍ നിന്ന് ബോദ്ധ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: