തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ പരസ്യ പ്രചരണത്തിന് അന്ത്യംക്കുറിച്ചുകൊണ്ട് കൊട്ടിക്കലാശം അവസാന മണിക്കൂറുകളിലേക്കു കടന്നു. ഇന്നു വൈകിട്ടോടെയാണ് ദിവസങ്ങളായി നടന്നുവന്ന ചൂടേറിയ പരസ്യപ്രചാരണത്തിന് അവസാനമാകുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയുമായി മണ്ഡലത്തില്‍ സജീവമാണ്. ഉച്ചയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനൊപ്പം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് റോഡ് ഷോയില്‍ പങ്കെടുത്തു. എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചരണവാഹനങ്ങള്‍ പായുകയാണ്. യുഡിഎഫ്എല്‍ഡിഎഫ് നേതാക്കളുടെ വാക്പയറ്റാണ് അവസാനദിവസങ്ങളില്‍ പ്രചാരണരംഗം ചൂടുപിടിപ്പിച്ചത്.
മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന ജി കാര്ത്തികേയന് അര്‍ബുദബാധയെത്തുടര്‍ന്ന് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം നേതാവ് എം വിജയകുമാറും യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന് ശബരിനാഥും രംഗത്തെത്തിയതോടെ അരുവിക്കരയില്‍ മല്‍സരം തീപാറുമെന്നുറപ്പായി. ഇവര്‍ക്കൊപ്പം മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ രംഗത്തിറക്കി ബിജെപിയും ശക്തമായമത്സരത്തിന് തയ്യാറായിരിക്കുകയാണ്. ഇവര്‍ക്കുപുറമെ പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസും മല്‍സരരംഗത്തുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി അരുവിക്കരയില്‍ കേന്ദ്രസേനയെ വിന്യസിക്കും. കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സേന ഇന്നിറങ്ങുന്നത്. ആര്യനാട് ജംഗ്ഷനിലാകും കൂടുതല്‍ സേനയെ വിന്യസിക്കുക. ജൂണ്‍ 27 ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ജൂണ്‍ 30നാണ് വോട്ടെണ്ണല്‍.
പ്രചരണം കൊഴുത്തതോടെ അരുവിക്കരയുടെ തീരുമാനമെന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകാത്ത സ്ഥിതിയാണുള്ളത്. എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത്. ഇരു മുന്നണികള്‍ക്കും ആശങ്കയാണ് ബിജെപിയുടെ സാന്നിധ്യം. ബിജെപിയാകട്ടെ ഒ രാജഗോപാലിനെ നിര്‍ത്തി വ്യക്തിപ്രഭാവത്തിലൂടെ നെയ്യാറ്റിന് കര ആവര്‍ത്തിക്കാനാകുമോ എന്ന പരീക്ഷണത്തിലാണ്. ബിജെപിയ്ക്ക് ലഭിക്കുന്ന വോട്ടുകള്‍ ജയപരാജയത്തില്‍ നിര്‍ണായകമാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫ് ആണ് മുന്നേ പോയര്‍. വിജകുമാറെന്ന മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ തുടക്കത്തിലേ മുന്നോട്ട് വെച്ച് മേല്‍കൈ നേടാനായിരുന്നു. മാത്രമല്ല മണ്ഡലത്തില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നത് ഏറെകാലത്തിന് ശേഷമാണ് അതിന്റെ ആവേശവും അണികളിലുണ്ട്. ബിജെപിയെ സംബന്ധിച്ചിത് നിര്‍ണായക തിരഞ്ഞെടുപ്പാണ്. മോദി തരംഗത്തില്‍പോലും അക്കൗണ്ട് തുറക്കാനായിരുന്നില്ലെന്ന യാഥാര്‍ത്ഥ്യം അവരെ അലട്ടുന്നുണ്ട്. ശബരീനാഥിന് കാര്‍ത്തികേയന്റെ മകനെന്ന നിലയിലും യുവ സ്ഥാനാര്‍ത്ഥി എന്ന നിലയിലും പിന്തുണ ആര്‍ജിക്കാനാവുന്നുണ്ട്. പാരമ്പര്യമായി യുഡിഎഫിനെ തുണക്കുന്ന മണ്ഡലമെന്ന ആത്മവിശ്വാസവും ഉണ്ട്.