തടികുറയ്ക്കാന്‍ ഓണ്‍ലൈനിലൂടെ വാങ്ങിയ മരുന്ന് കഴിച്ച ഐറിഷ് യുവാവ് മരിച്ചു

ഡബ്ലിന്‍: തടികുറയ്ക്കാനായി ഓണ്‍ലൈനിലൂടെ മരുന്ന് വാങ്ങി കഴിച്ച 20 കാരനായ ഐറിഷ് യുവാവ് മരിച്ചു. മെലിയുന്നതിനായി അനധികൃതമായി വാങ്ങിയ മരുന്നില്‍ മാരകമായ ഡൈനൈട്രോഫീനോള്‍(DNP) അടങ്ങിയിരുന്നു. ഇതാണ് യുവാവിന്റെ മരണത്തിന് കാരണമായത്.

ഹെല്‍ത്ത് പ്രോഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയും (HPRA) ഗാര്‍ഡയും സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇത്തരത്തില്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന ആദ്യത്തെ കേസാണിതെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ 21 വയസുകാരിയായ യുവതി യുകെയില്‍ DNP അടങ്ങിയ മരുന്നു കഴിച്ച് മരിച്ചതിനെ തുടര്‍ന്ന് HPRA അയര്‍ലന്‍ഡില്‍ DNP അടങ്ങിയ മരുന്നുകഴിച്ചാലുണ്ടാകുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെട്ടന്ന് തടികുറയ്ക്കാനെന്ന വ്യാജേന ഓണ്‍ലെനിലൂടെ അനധികൃതമായി ലഭിക്കുന്ന മരുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അടിസ്ഥാനഘടകങ്ങള്‍ വരെ ഉപയോഗിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ അപകടകരമായ രീതിയില്‍ വര്‍ധിപ്പിക്കുന്നു. അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാകുന്നതിന് ഇത് ഇടയാകുന്നു. ഇത്തരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗം തിമിരത്തിനും ശരീരത്തില്‍ മുറിവുണ്ടാകുന്നതിനും ചിലപ്പോള്‍ ഹൃദയത്തിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഓണ്‍ ലൈനിലൂടെ അനധികൃതമായി വ്യാജമരുന്നുകള്‍ വാങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് HPRA ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഒ മുര്‍ഫി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മെലിയുന്നതിനായി ഇന്റര്‍നെറ്റിലൂടെ മരുന്നു വാങ്ങിക്കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മരുന്നുകളുടെ ചെറിയ ഉപയോഗം പോലും അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കും. HPRA ഈ വര്‍ഷം DNP അടങ്ങിയ 93 ഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: