കുവൈത്തിലും ഫ്രാന്‍സിലും ടുണീഷ്യയിലും ഭീകരാക്രമണങ്ങള്‍; 41 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച്ച നമസ്‌കാരത്തിനിടെ കുവൈത്തിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13 മരണം. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കുവൈത്തിലെ അല്‍ സവാബിര്‍ മേഖലയിലുള്ള ഷിയാ പള്ളിയായ ഇമാം സാദിഖിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയാണ് ഇമാം സാദിഖ് പള്ളി. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. പരുക്കേറ്റവരെ സമീപപ്രദേശത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കുറച്ചകലെയാണ് സ്‌ഫോടനം നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ മാസം സൗദി അറേബ്യയിലെ രണ്ട് ഷിയാ പള്ളിയില്‍ ഇസ്ലാമിസ് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയായിരുന്നു സൗദിയിലും ആക്രമണം നടന്നത്. ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം രംഗത്തുവരുകയും ചെയ്തു.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം:ഫാക്ടറി ജീവനക്കാരനെ തലയറുത്ത് കൊന്നു, ആക്രമണത്തിനു പിന്നില്‍ ഐഎസ് എന്ന് റിപ്പോര്‍ട്ട്

സെയ്ന്റ് ക്വന്റിണ്‍ ഫാളിവെയര്‍, ഫ്രാന്‍സ്: കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായെത്തിയ അക്രമികള്‍ ഫാക്ടറിക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികള്‍ ഇസ്ലാമി സ്‌റ്റേറ്റ് പതാക വീശിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാക്ടറിയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ അക്രമി സ്‌ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട ഫാക്ടറി ജീവനക്കാരന്റെ മൃതദേഹം തലയറുത്ത നിലയിലാണ്. അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. 2006-08 കാലയളവില്‍ പൊലീസിന്റെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്ന ആളാണ് അറസ്റ്റിലായതെന്ന് ഫ്രെഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് കാസനെവ്യൂ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ ഉച്ചകോടിക്ക് വേണ്ടി ബ്രസ്സല്‍സിലേക്ക് പോയ പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹൊളണ്ടെ സംഭവമറിഞ്ഞ് യാത്ര റദ്ദാക്കി ഫ്രാന്‍സിലേക്ക് തിരിച്ചു. അറസ്റ്റിലായ ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സിലെ ലയോണില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ പ്രാദേശിക സമയം രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.

ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രാന്‍സില്‍ ഭീകരാക്രമണം ഉണ്ടാവുന്നത്. ജനുവരിയില്‍ പാരീസില്‍ ആക്ഷേപ ഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ടൂണീഷ്യയിലും ഭീകരാക്രമണം; 27 മരണം

ടൂണിസ്: ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: