സാന്തിയാഗോ: കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ ബ്രസീലിന് അടിപതറി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ കളം നിറഞ്ഞു കളിച്ച പാരഗ്വായ് സെമിയില്‍ കടന്നു. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ബ്രസീലിനായി റോബീഞ്ഞോ (15ാം മിനിറ്റ്) സ്‌കോര്‍ ചെയ്തപ്പോള്‍ പെനല്‍റ്റിയില്‍ നിന്നും ഗോണ്‍സാലസാണ് പാരഗ്വായുടെ സമനില ഗോള്‍ നേടിയത്.
ഷൂട്ടൗട്ടില്‍ പാരഗ്വായ്ക്കായി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സാന്റക്രൂസിന്റെ ഷോട്ട് പുറത്ത് പോയി. ബ്രസീലിനായി ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡ, കൂട്ടീഞ്ഞോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ എവര്‍ട്ടണ്‍ റിബോരോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ കിക്കുകള്‍ പുറത്തേക്കടിച്ച് പാഴാക്കി. അതോടെ 4-3ന് ബ്രസീലിനെ മറികടന്ന് പാരഗ്വായ് സെമിയില്‍. അര്‍ജന്റീനയാണ് സെമിയില്‍ പാരഗ്വായുടെ എതിരാളികള്‍. ഗ്രൂപ്പുതല മല്‍സരത്തില്‍ അര്‍ജന്റീനയും പാരഗ്വായും ഏറ്റു മുട്ടിയപ്പോള്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.
പാരഗ്വായ് ഗോള്‍മുഖം വിറപ്പിച്ച ബ്രസീലിയന്‍ മുന്നേറ്റത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം.തുടര്‍ച്ചയായി മഞ്ഞപ്പടയുടെ ആക്രമണങ്ങള്‍. ആറാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും റോബിഞ്ഞോയെടുത്ത കിക്ക് പുറത്തു പോയി. പാരഗ്വായും ആക്രമണത്തിലേക്ക് തിരിയുന്നതിനിടെ 15ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. പന്ത് വലയിലേക്ക് തട്ടിയിടാനുള്ള നിയോഗം റോബീഞ്ഞോയ്ക്കായിരുന്നെന്നു മാത്രം.
ഗോള്‍ വീണതോടെ പാരഗ്വായ് ആക്രമണം കടുപ്പിച്ചു. എന്നാല്‍ ഇടവേള വരെ ഗോള്‍ വീണില്ല. രണ്ടാം പകുതിയില്‍ ഗോള്‍ശ്രമങ്ങള്‍ നേരിയ വ്യത്യാസത്തില്‍ പലതവണ പാളി. 70ാം മിനിറ്റില്‍ പാരഗ്വായ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചതോടെ കളി മാറി. ബ്രസീല്‍ ബോക്‌സിനുള്ളില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ തിയാഗോ സില്‍വ പന്തു കൈകൊണ്ടു തട്ടിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ഡെര്‍ലിസ് ഗോണ്‍സാലസിന് പിഴച്ചില്ല. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ബ്രസീല്‍ ശ്രമിച്ചെ്ങ്കിലും നടന്നില്ല.