ന്യൂഡല്‍ഹി: കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെതിരെ ഹേമമാലിനിയുടെ ട്വീറ്റ്. മരിച്ച കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ഹേമമാലിനി ട്വീറ്റ് ചെയ്തത്. അങ്ങനെയെങ്കില്‍, കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും ഹേമമാലിനി ട്വീറ്റില്‍ പറയുന്നു.
അപകടവുമായി ബന്ധപ്പെട്ട് ഹേമമാലിനിക്കും പൊലീസിനും എതിരെ കുട്ടിയുടെ പിതാവ് സംസാരിച്ചിരുന്നു. പൊലീസ് ഇരട്ട നീതി കാണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹേമമാലിനിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാണിച്ച ജാഗ്രത വണ്ടിയിടിച്ച് പരിക്കേറ്റ കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായെങ്കില്‍, ഒരുപരിധിവരെ മരണം ഒഴിവാക്കാമായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ സഹോദരന്‍ കൈകാലുകളില്‍ ക്ഷതവുമായി ജയ്പൂരിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓള്‍ട്ടോ കാറില്‍ ഹേമമാലിനിയുടെ കാര്‍ ഇടിച്ചത്. അതേസമയം ഹേമമാലിനിയുടെ കാര്‍ മിത വേഗതയിലായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. നടി തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.