ഇറാനും എണ്ണകയറ്റുമതിക്ക്…വില കുത്തനെ ഇടിഞ്ഞേക്കും

ന്യൂഡല്‍ഹി: ഇറാനും എണ്ണ കയറ്റുമതിക്ക് തയ്യാറെടുപ്പ് തുടങ്ങിയതോടെ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിയാന്‍ സാദ്ധ്യത. ഇപ്പോള്‍ തന്നെ ഡിമാന്‍ഡില്‍ കവിഞ്ഞ ക്രൂഡോയിലാണ് ആഗോള കമ്പോളത്തിലേക്ക് ഒഴുകുന്നത്. ഇറാനും കൂടി ഇതില്‍ കൂട്ടുചേരുന്നതോടെ ക്രൂഡോയില്‍ വില വീണ്ടും ഇടിയാതെ തരമില്ല.

പ്രതിദിനം 30 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കുന്ന ഇറാന്‍ മൂന്ന് കോടി ബാരലാണ് കയറ്റുമതിക്കായി കരുതിയിരിക്കുന്നത്. ഇറാന്റെ കരുതല്‍ എണ്ണശേഖരം വിപണിയിലെത്തുന്നതോടെ ക്രൂഡോയില്‍ വില ബാരലിന് 35 40 ഡോളറിലേക്ക് ഇടിയുമെന്നും കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് ആ ട്രെന്‍ഡ് നിലനില്‍ക്കുമെന്നുമാണ് വിലയിരുത്തലുകള്‍.
ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 57 ഡോളറില്‍ നിന്ന് 56 ഡോളറിലെത്തി. ക്രൂഡോയില്‍ വിലയാകട്ടെ 52 ഡോളറില്‍ നിന്ന് 50 ഡോളറിലേക്കും ഇടിഞ്ഞു.

സ്വര്‍ണവിലയും താഴേക്ക്
അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്, ഡോളറിന്റെ മൂല്യം ഉയര്‍ന്നത് ആഗോള സ്വര്‍ണവിലയ്ക്കും തിരിച്ചടിയാകുന്നു. അമേരിക്ക പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന വിലയിരുത്തലുകളാണ് ഡോളറിന്റെ ഡിമാന്‍ഡ് കൂട്ടുന്നത്. ഇതോടെ വില്പന പ്രതിസന്ധിയിലായ സ്വര്‍ണവില ന്യൂയോര്‍ക്കില്‍ 1,132 ഡോളറില്‍ നിന്ന് 1,129 ഡോളറിലേക്ക് വീണു. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്ത്യയില്‍ ന്യൂഡല്‍ഹി വിലയും നാല് മാസങ്ങള്‍ക്ക് ശേഷം വീണ്ടും പത്ത് ഗ്രാമിന് 26,000 രൂപയിലേക്ക് വീണു. കൊച്ചിയില്‍ പവന് 19,520 രൂപയാണ് വില. കഴിഞ്ഞ നാലരമാസത്തെ കുറഞ്ഞ വിലയാണിത്.

സ്വര്‍ണം, ക്രൂഡോയില്‍ വില കുറയുന്നത് ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ എത്തുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയായിരിക്കും.

Share this news

Leave a Reply

%d bloggers like this: