ഡബ്ലിന്‍: സിവില്‍ വിവാഹങ്ങള്‍ കൂടുന്നതായും ജനനനിരക്ക് കുറയുന്നതായും കണക്കുകള്‍. കഴിഞ്ഞ വര്‍ഷം വിവാഹങ്ങള്‍ 22,033 ലേക്ക് ഉയര്‍ന്നു. തൊട്ട് മുന്‍വര്‍ഷം 20,670 ആയിരുന്ന സ്ഥാനത്താണ് 6.6ശതമാനത്തിന്‍റെ വര്‍ധന. രജിസ്ട്രാര്‍ ജനറല്‍ കെയ്റന്‍ ഫീലിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പരമ്പരാഗത രീതിയിലുള്ള സഭാ വിവാഹങ്ങള്‍ 14,972മാണ് കഴിഞ്ഞ വര്‍ഷം നടന്നിരിക്കുന്നത്.
അതേ സമയം തന്നെ സിവില്‍ വിവാഹങ്ങളുടെ നിരക്ക് ആകെ വിവാഹങ്ങളില്‍ കൂടുന്നുണ്ട്. മതവിവാഹങ്ങളുടെ നിരക്കാകട്ടെ 2009ല്‍ 71ശതമാനം ആയിരുന്നത് 68ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. സെക്യുലര്‍ മാര്യേജ് വിഭാഗത്തില്‍ 4ശതമാനം വിവാഹങ്ങളാണ് ഉള്ളത്. 4,195 സിവില്‍ വിവാങ്ങളാണ് രജിസ്ട്രാറുടെ ഓഫീസില്‍ നടന്നിരിക്കുന്നത്. ഓഫീസിന് പുറത്ത്1,972 സിവില്‍ വിവാഹങ്ങളും നടന്നു. സിവില്‍ വിവാഹങ്ങളില്‍ 32ശതമാനവും പുറത്തുള്ള വേദികളിലാണ് നടന്നിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ രജിസ്ട്രാര്‍ക്ക് സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. വിവാഹം നടക്കേണ്ട സ്ഥലത്തേക്ക് എത്തേണ്ടതാണ് പ്രശ്നമാകുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി സിവില്‍ വിവാഹങ്ങള്‍ കൂടി വരികയാണ്. 1996 കേവലം 928 സിവില്‍ വിവാഹങ്ങളാണ് നടന്നിരുന്നത്. അന്ന് നടന്ന വിവാങ്ങളുടെ ആറ് ശതമാനം മാത്രം. 2002ല്‍ ഇത് പതിനെട്ട് ശതമാനത്തിലേക്കും മൂന്ന് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ആകെ വിവാഹങ്ങളുടെ 22ശതമാനമായും ഉയര്‍ന്നു. 2009ല്‍ സിവില്‍ വിവാഹങ്ങള്‍ 29ശതമാനത്തിലേക്കും ഉയര്‍ന്നു. തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി 1,363 വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതില്‍ 71ശതമാനവും സിവില്‍ വിവാഹങ്ങളോ സെക്യുലാര്‍ വിവാഹങ്ങളോ ആണ്. മത വിവാഹങ്ങളുടെ പങ്ക് 29ശതമാനം മാത്രമാണ്.
സിവില്‍ പാര്‍ട്നര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 392ല്‍ കൂടുതലും പുരുഷന്മാരായ സ്വവര്‍ഗ ദമ്പതികളാണ്. 242 സിവില്‍ പാര്‍ട്നര്‍ ഷിപ്പാണ് പുരുഷ സ്വവര്‍ഗാനുരാഗികളുടേതായുള്ളത്. 150 എണ്ണം സ്ത്രീ സ്വവര്‍ഗാനുരാഗികളുടേതാണ്.