തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ചിങ്ങം ഒന്നിന് ഒപ്പ് വയ്ക്കുമെന്ന് അദാനി ഗ്രൂപ്പും സര്‍ക്കാരുമായി നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കെ.ബാബു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ അറിയിച്ചത്.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. ചര്ച്ചയതില് അദാനി ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കരണ്‍ അദാനി, ഡയറക്ടര്‍ ഉദയന.ജെ.റാവു എന്നിവരും മറ്റ് പ്രതിനിധികളും പങ്കെടുത്തു. മന്ത്രി കെ.ബാബു കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ വകുപ്പ് മന്ത്രി പി.കുഞ്ഞാലിക്കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍, എം.പി ശശി തരൂര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം ചര്‍ച്ചയില്‍ തീരുമാനിച്ച പോലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ആവശ്യ സമയങ്ങളില്‍ പോലീസ് സഹായം തേടുമെന്നും മന്ത്രി ബാബു പറഞ്ഞു. ഇത് മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. കബോട്ടാഷ് ഇളവിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അനശ്ചിതത്വം മൂലം മുമ്പ് മാറ്റിവച്ച കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കരാര്‍ നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ സമ്മതപത്രം അദാനി ഗ്രൂപ്പ് അംഗീകരിച്ചിരുന്നു. നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന നിര്‍മ്മാണത്തില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണമാണ് ആദ്യം നടക്കുക. ഇതിനാവശ്യമായ പാറകള്‍ക്കായി അദാനി ഗ്രൂപ്പിന്റെ പ്രത്യേക സംഘം കേരളത്തിലെയും തമിഴ്നാട്ടിലെയും ക്വാറികളിലെത്തി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു.